ജയ്‌പൂര്‍: തനിക്കെതിരെ അമേരിക്കയിലുണ്ടായ ആരോപണങ്ങളില്‍ ആദ്യമായി പരസ്യമായി പ്രതികരിച്ച് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി. തങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന ഓരോ ആക്രമണവും തങ്ങളെ കൂടുതല്‍ കരുത്തള്ളവരാക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
അന്‍പത്തൊന്നാമത് രത്‌ന-ആഭരണ പുരസ്‌കാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഇന്ത്യക്കാരനോ വിദേശ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളോ തങ്ങളെ ഇടിച്ച് താഴ്‌ത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും ഒടുവില്‍ സുപ്രീം കോടതി പോലും തങ്ങളുടെ പ്രവൃത്തികള്‍ ശരിവച്ചു എന്നും അദ്ദേഹം അവകാശപ്പെട്ടു.
അമേരിക്ക തങ്ങള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ള ഒരു കൂട്ടം കുറ്റങ്ങളാണ് തങ്ങള്‍ക്കെതിരെ ഏറ്റവും ഒടുവില്‍ ഉയര്‍ന്ന ആരോപണം. ഇത്തരം വെല്ലുവിളികള്‍ തങ്ങള്‍ക്ക് നേരെ ഉയരുന്നത് ഇതാദ്യമല്ല. ഓരോ ആക്രമണവും തങ്ങളെ കൂടുതല്‍ കരുത്തരാക്കും എന്ന് മാത്രമാണ് തനിക്ക് നിങ്ങളോട് പറയാനുള്ളതെന്നും അദാനി കൂട്ടിച്ചേര്‍ത്തു. ഓരോ തടസങ്ങളും അദാനി ഗ്രൂപ്പിന് ചവിട്ട് പടികളായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അമേരിക്ക ഉയര്‍ത്തിയ 2100 കോടി രൂപയുടെ കൈക്കൂലി ആരോപണം രാജ്യത്ത് വലിയ രാഷ്‌ട്രീയ കൊടുങ്കാറ്റാണ് സൃഷ്‌ടിച്ചിരിക്കുന്നത്. അമേരിക്കന്‍ നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച പണം ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റും കൈക്കൂലിയായി നല്‍കിയെന്നാണ് ആരോപണം. ഇങ്ങനെ അമേരിക്കന്‍ നിക്ഷേപകരെ അദാനി വഞ്ചിച്ചെന്ന് അമേരിക്ക ആരോപിക്കുന്നു. സൗരോര്‍ജ്ജ കരാറുകള്‍ കമ്പനിക്ക് അനുകൂലമാക്കുന്നതിന് വേണ്ടിയാണ് കൈക്കൂലി നല്‍കിയതെന്ന ആരോപണവും ഇവര്‍ ഉയര്‍ത്തുന്നു.
ആരോപണത്തിന് പിന്നാലെ അദാനിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിരുന്നു. നിക്ഷിപ്‌ത താത്പര്യത്തോടെയുള്ള വാര്‍ത്തകള്‍ക്കപ്പുറം തങ്ങള്‍ക്കെതിരെ എഫ്‌സിപിഎ ലംഘനത്തിന് ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്നും അദാനി ചൂണ്ടിക്കാട്ടി. നീതിനിഷേധത്തിന് തങ്ങള്‍ ഗൂഢാലോചന നടത്തിയിട്ടുമില്ല. ഇന്നത്തെ ലോകത്ത് വസ്‌തുതകളെക്കാള്‍ വേഗത്തില്‍ നുണകള്‍ പ്രചരിക്കുന്നു. നിയമപരമായ മാര്‍ഗങ്ങളിലൂടെ തന്നെയാണ് കമ്പനി മുന്നോട്ട് പോകുന്നത്. ലോകോത്തര നിലവാരം പാലിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വര്‍ഷങ്ങളായി തങ്ങള്‍ അതിജീവിച്ച മാര്‍ഗതടസങ്ങള്‍ക്കുള്ള പ്രതിഫലമാണ് ലോകത്ത് ഒന്നാമതായി തങ്ങളുടെ കമ്പനികള്‍ തുടരുന്നത്. നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ കരുത്തുണ്ടാകുന്നതോടെ ലോകം നിങ്ങളെ കൂടുതല്‍ സൂക്ഷ്‌മമായി അപഗ്രഥിക്കും. ഇതിനെ മറികടക്കാനുള്ള ധൈര്യം നിങ്ങള്‍ക്കുണ്ടാകണം. വെല്ലുവിളികളെ നേരിടണം. നിലനില്‍പ്പില്ലാതാകുന്നിടത്ത് സ്വന്തം പാതയൊരുക്കണമെന്നും ഗൗതം അദാനി കൂട്ടിച്ചേര്‍ത്തു.