ധര്‍മ്മശാല :ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം (India vs England 5th Test). മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 25.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 100 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് (India vs England 5th Test Day 1 Lunch Score). അര്‍ധസെഞ്ച്വറിയുമായി സാക്ക് ക്രാവ്‌ലി (61*) ആണ് ക്രീസില്‍.
ഓപ്പണര്‍ ബെൻ ഡക്കറ്റ് (Ben Duckett), മൂന്നാം നമ്പറില്‍ എത്തിയ ഒലീ പോപ്പ് (Ollie Pope) എന്നിവരുടെ വിക്കറ്റുകളാണ് അഞ്ചാം ടെസ്റ്റിന്‍റെ ആദ്യ സെഷനില്‍ സന്ദര്‍ശകര്‍ക്ക് നഷ്‌ടമായത്. കുല്‍ദീപ് യാദവാണ് (Kuldeep Yadav) രണ്ട് വിക്കറ്റും നേടിയത്.
ധര്‍മ്മശാലയില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇംഗ്ലണ്ടിന് തരക്കേടില്ലാത്ത തുടക്കമായിരുന്നു ഓപ്പണര്‍മാരായ സാക്ക് ക്രാവ്‌ലിയും ബെൻ ഡക്കറ്റും ചേര്‍ന്ന് നല്‍കിയത്. പേസര്‍മാരായ ജസ്‌പ്രീത് ബുംറയേയും (Jasprit Bumrah) മുഹമ്മദ് സിറാജിനെയും (Mohammed Siraj) ഇരുവരും കരുതലോടെ നേരിട്ടു. ആദ്യ സെഷനില്‍ ഇന്ത്യൻ പേസര്‍മാരുടെ 15 ഓവറില്‍ നിന്നും 48 റണ്‍സാണ് ഇംഗ്ലീഷ് ബാറ്റര്‍മാര്‍ അടിച്ചെടുത്തത്.