റാഞ്ചി : ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് ബാറ്റിങ് തകര്‍ച്ച. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നേടിയ 352 റണ്‍സിന് മറുപടിക്ക് ഇറങ്ങിയ ആതിഥേയര്‍ക്ക് നാല് വിക്കറ്റ് നഷ്‌ടം. രണ്ടാം ദിനത്തിലെ രണ്ടാം സെഷന്‍ അവസാനിച്ചപ്പോള്‍ നാല് വിക്കറ്റിന് 131 റണ്‍സാണ് ഇന്ത്യയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. (India vs England 4th Test Score Updates).
54 റണ്‍സുമായി യശസ്വി ജയ്‌സ്വാളും (Yashasvi Jaiswal) ഒരു റണ്‍സുമായി സര്‍ഫറാസ് ഖാനുമാണ് (Sarfaraz Khan) ക്രീസിലുള്ളത്. രോഹിത് ശര്‍മ (1), ശുഭ്‌മാന്‍ ഗില്‍ (38), രജത് പടിദാര്‍ (17), രവീന്ദ്ര ജഡേജ (12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. ഇംഗ്ലണ്ടിനായി ഷൊയ്‌ബ് ബഷീര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. ജയിംസ് ആന്‍ഡേഴ്‌സണ് ഒരു വിക്കറ്റുണ്ട്.
മൂന്നാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ജയിംസ് ആന്‍ഡേഴ്‌സണ്‍ മടക്കിയതോടെ ഞെട്ടിക്കുന്ന തുടക്കമായിരുന്നു ഇന്ത്യയ്‌ക്ക് ലഭിച്ചത്. രോഹിത്തിനെ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് കയ്യിലൊതുക്കുമ്പോള്‍ വെറും നാല് റണ്‍സ് മാത്രമായിരുന്നു സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. ശുഭ്‌മാന്‍ ഗില്‍ തുടക്കം പതറിയെങ്കിലും യശസ്വി ജയ്സ്വാളിന് പിന്തുണ നല്‍കി. 82 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന സഖ്യം ഗില്ലിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ഷൊയ്ബ് ബഷീറാണ് പൊളിച്ചത്.