റാഞ്ചി :ഇന്ത്യയ്‌ക്ക് എതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 46 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നേടിയ 353 റണ്‍സിന് മറുപടിക്ക് ഇറങ്ങിയ ആതിഥേയര്‍ മൂന്നാം ദിനത്തിന്‍റെ ആദ്യ സെഷനില്‍ 307 റണ്‍സിന് ഓള്‍ഔട്ടായി. (India vs England 4th Test Live Score Updates) വാലറ്റക്കാരെ കൂട്ടുപിടിച്ച് ധ്രുവ് ജുറെല്‍ (Dhruv Jurel) നടത്തിയ ചെറുത്ത് നില്‍പ്പാണ് ഇംഗ്ലണ്ടിന്‍റെ ലീഡ് കുറച്ചത്.
അവസാന ബാറ്ററായി ലഞ്ചിന് മുന്നെ ജുറല്‍ വീണതോടെയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനും വിരാമമായത്. 149 പന്തില്‍ ആറ് ബൗണ്ടറികളും നാല് സിക്‌സറുകളും സഹിതം 90 റണ്‍സാണ് താരം നേടിയത്. ഇംഗ്ലണ്ടിനായി ഷൊയ്‌ബ് ബഷീര്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി.
രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റിന് 219 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യയുണ്ടായിരുന്നത്. ഇതോടെ മൂന്നാം ദിനം ആതിഥേയര്‍ ക്രീസിലേക്ക് എത്തുമ്പോള്‍ ഇംഗ്ലണ്ടിന് 134 റണ്‍സിന്‍റെ ലീഡുണ്ടായിരുന്നു. ന്യൂബോളില്‍ വേഗം തന്നെ എറിഞ്ഞിടാമെന്ന് കരുതിയ ഇംഗ്ലണ്ടിനെതിരെ 88 റണ്‍സ് ചേര്‍ത്താണ് ഇന്ന് ഇന്ത്യന്‍ വാലറ്റം കീഴടങ്ങിയത്.
ഇംഗ്ലീഷ് ബോളര്‍മാരെ ക്ഷമയോടെ നേരിട്ട ധ്രുവ് ജുറെലും കുല്‍ദീപ് യാദവും സിംഗിളുകളിലൂടെ സ്‌കോര്‍ ബോര്‍ഡ് ചലപ്പിച്ചു. ഒടുവില്‍ ടീം ടോട്ടലില്‍ 250 റണ്‍സ് ചേര്‍ന്നതിന് പിന്നാലെയാണ് ഇരുവരേയും പിരിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞത്. ജയിംസ് ആന്‍ഡേഴ്‌സണിന്‍റെ പന്തില്‍ കുല്‍ദീപ് നിര്‍ഭാഗ്യകരമായി ബൗള്‍ഡൗവുകയായിരുന്നു.