റാഞ്ചി :ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 353 റണ്‍സിന് പുറത്ത്. 7 വിക്കറ്റ് നഷ്‌ടത്തില്‍ 302 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 51 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇന്ന് ശേഷിച്ച വിക്കറ്റുകള്‍ നഷ്‌ടമായത്. രവീന്ദ്ര ജഡേജയാണ് ഇന്ന് ഇംഗ്ലണ്ടിന്‍റെ മൂന്ന് വിക്കറ്റും നേടിയത്.
274 പന്ത് നേരിട്ട് 128 റണ്‍സ് നേടിയ ജോ റൂട്ടിനെ പുറത്താക്കാൻ ഇന്ത്യൻ ബൗളര്‍മാര്‍ക്കായില്ല. പത്ത് ഫോറുകള്‍ അടങ്ങിയതായിരുന്നു റൂട്ടിന്‍റെ ഇന്നിങ്‌സ്. 58 റണ്‍സ് നേടി പുറത്തായ ഒലീ റോബിൻസണിന്‍റെ പ്രകടനവും മത്സരത്തിന്‍റെ രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ടിന് നിര്‍ണായകമായി.
ഏഴിന് 302 റണ്‍സ് എന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് തരക്കേടില്ലാത്ത തുടക്കമായിരുന്നു റാഞ്ചിയില്‍ ലഭിച്ചത്. ഇന്ന്, ന്യൂബോള്‍ എടുത്ത് ഇംഗ്ലണ്ടിനെ അതിവേഗം തന്നെ പുറത്താക്കുക എന്നതായിരുന്നു ടീം ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍, ആക്രമിച്ച് കളിച്ച ഒലീ റോബിൻസണ്‍ ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം തല്ലിക്കെടുത്തി.
അര്‍ധസെഞ്ച്വറി പിന്നിട്ട ശേഷമായിരുന്നു താരത്തെ പൂട്ടാൻ ഇന്ത്യയ്‌ക്കായത്. റോബിൻസണ്‍ വീണതോടെ ഇംഗ്ലണ്ടിന്‍റെ പതനവും എളുപ്പത്തിലായി. 96 പന്തില്‍ 58 റണ്‍സ് നേടിയ റോബിൻസണെ രവീന്ദ്ര ജഡേജ ധ്രുവ് ജുറെലിന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു.