ഹൈദരാബാദ്:ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടിക്കുന്നു (India vs England 1st Test Day 3 Lunch). മത്സരത്തിന്‍റെ മൂന്നാം ദിവസമായ ഇന്ന് ഇന്ത്യയെ 436 റണ്‍സില്‍ പുറത്താക്കിയ ശേഷം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 15 ഓവറില്‍ 89 റണ്‍സ് നേടിയിട്ടുണ്ട് (England 2nd Innings Score During Day 3 Lunch). ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ലീഡിനേക്കാള്‍ 101 റണ്‍സിന് മാത്രം പിന്നിലാണ് നിലവില്‍ സന്ദര്‍ശകര്‍.
33 പന്തില്‍ 31 റണ്‍സ് നേടിയ ഓപ്പണര്‍ സാക്ക് ക്രാവ്‌ലി, 52 പന്തില്‍ 47 റൺസ് നേടിയ ബെൻ ഡക്കറ്റ് എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് നഷ്‌ടപ്പെട്ടത്. സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിൻ, പേസർ ജസ്‌പ്രീത് ബുംറ എന്നിവരാണ് വിക്കറ്റുകൾ വീഴ്‌ത്തിയത്.
ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 421 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ ബാറ്റിങ് പുനരാരംഭിച്ചത്. സ്‌പിന്നര്‍മാരെ ഉപയോഗിച്ച് പന്തെറിഞ്ഞ ഇംഗ്ലണ്ട് ദിവസത്തിന്‍റെ ആദ്യ മണിക്കൂറില്‍ തന്നെ ഇന്ത്യയുടെ ശേഷിക്കുന്ന വിക്കറ്റുകളും നേടി. ഇന്ന്, 15 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് സ്കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ക്കാനായത് (India vs England).