ബെംഗളൂരു:ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിന്‍റെ മൂന്നാം ദിനം കരകയറി ഇന്ത്യ. കളി അവസാനിക്കുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 231റണ്‍സെന്ന നിലയിലാണ്. 356 റണ്‍സിന്‍റെ കൂറ്റന്‍ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഇന്ത്യ തിരിച്ചടി ശക്തമാക്കി. നിലവിൽ 125 റൺസ് പിന്നിലാണ്. 70 റൺസുമായി സർഫറാസ് ഖാനാണ് ക്രീസിലുള്ളത്. കിവീസ് ബൗളർമാരിൽ അജാസ് പട്ടേലും രണ്ടും ഗ്ലെൻ ഫിലിപ്‌സും ഒരു വിക്കറ്റും വീഴ്ത്തി.
രോഹിത് ശർമയും (52 റൺസ്), വിരാട് കോഹ്‌ലിയും (70 റൺസ്) അർധസെഞ്ചുറികളുമായി തിളങ്ങി. കോലിയുടെ വിക്കറ്റ് കളിയുടെ അവസാന പന്തില്‍ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. അർധ സെഞ്ചുറി നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 9000 റണ്‍സെന്ന നാഴികക്കല്ലും താരം പിന്നിട്ടു.
രണ്ടാം ഇന്നിങ്സ് തകർപ്പൻ ബാറ്റിങ്ങോടെയാണ് ഇന്ത്യ ആരംഭിച്ചത്. അർധസെഞ്ചുറിയുമായി തിളങ്ങിയ രോഹിതിനെ അപ്രതീക്ഷിതമായാണ് അജാസ് പട്ടേൽ പുറത്താക്കിയത്. 59 പന്തിലാണ് രോഹിത് ഫിഫ്‌റ്റിയടിച്ചത്. പിന്നാലെ ക്രീസിലെത്തിയ സർഫറാസിനൊപ്പം കോലി മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും മിന്നുന്ന റൺസ് നേടി. സർഫറാസും അർധസെഞ്ചുറി തികച്ചു. സഖ്യം ഇന്ത്യക്ക് മികച്ച പ്രതീക്ഷയാണ് നല്‍കിയത്. 136 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും ഇന്ത്യയെ കരകയറ്റുമെന്ന് കരുതിയിരിക്കെയാണ് കോലി പുറത്തായത്.102 പന്തില്‍ 70 റണ്‍സെടുത്ത കോലി എട്ട് ഫോറും ഒരു സിക്‌സും പറത്തി.