ഇന്ത്യയുടെ ടി20 ടീമില്‍ സ്ഥിരം ഓപ്പണറാകാൻ മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഒരു അവസരം കൂടി. നവംബറില്‍ നടക്കുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിലാണ് സഞ്ജു ഇടം പിടിച്ചിരിക്കുന്നത്. നാല് മത്സരങ്ങളടങ്ങിയ പരമ്പരയ്‌ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസമായിരുന്നു ബിസിസിഐ പ്രഖ്യാപിച്ചത്.
ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടില്‍ അവസാന ടി20 പരമ്പര കളിച്ച ഏറെക്കുറെ അതേ ടീമിനെയാണ് ബിസിസിഐ ദക്ഷിണാഫ്രിക്കയിലേക്ക് അയക്കുന്നത്. ഈ സാഹചര്യത്തില്‍ ടീമിലെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായെത്തുന്ന സഞ്ജു വീണ്ടും ഇന്ത്യയ്‌ക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് ഉറപ്പ്. അഭിഷേക് ശര്‍മയാണ് ടീമിലെ മറ്റൊരു ഓപ്പണര്‍.
സഞ്ജു- അഭിഷേക് ശര്‍മ സഖ്യം ഇന്ത്യയ്‌ക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്ന തുടര്‍ച്ചയായ രണ്ടാമത്തെ പരമ്പരയായിരിക്കും ദക്ഷിണാഫ്രിക്കയിലേത്. ഇന്ത്യയുടെ ടി20 ടീമില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനജുള്ള അവസരമാണ് ഇരുവര്‍ക്കും ഈ പരമ്പര. ബംഗ്ലാദേശിനെതിരായ അവസാന ടി20യില്‍ സെഞ്ച്വറി നേടാനായതിന്‍റെ ആത്മവിശ്വാസം സഞ്ജുവിനുണ്ടാകും. ഈ സാഹചര്യത്തില്‍ പേസും ബൗണ്‍സുമുള്ള ദക്ഷിണാഫ്രിക്കയിലെ പിച്ചുകളില്‍ സഞ്ജുവിന്‍റെ ബാറ്റിങ് കാണാൻ കാത്തിരിക്കുകയാണ് ആരാധകര്‍.