അഹമ്മദാബാദ്:ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് ബിസിസിഐ സെലക്‌ടര്‍മാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍.
മലയാളി താരം സഞ്‌ജു സാംസണ്‍, റിഷഭ് പന്ത് എന്നിവര്‍ വിക്കറ്റ് കീപ്പര്‍മാരായി ടീമിലെത്തി. കെഎല്‍ രാഹുലിന് സ്ഥാനം നഷ്‌ടമായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നടത്തിയ സ്ഥിരതയാര്‍ന്ന മികച്ച പ്രകടനങ്ങളാണ് സഞ്‌ജുവിന് ടീമില്‍ ഇടം നേടിക്കൊടുത്തത്.
എസ് ശ്രീശാന്തിന് ശേഷം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം നേടുന്ന രണ്ടാമത്തെ മലയാളി താരമാണ് 29-കാരനായ സഞ്‌ജു. ഇന്ത്യ കിരീടം നേടിയ 2007-ലെ പ്രഥമ ടി20 ലോകകപ്പിലായിരുന്നു ശ്രീശാന്ത് ഇന്ത്യയ്‌ക്കിയ കളിച്ചത്. ഐപിഎല്ലില്‍ തിളങ്ങുന്ന യുസ്‌വേന്ദ്ര ചാഹലും ടീമിലെത്തിയിട്ടുണ്ട്.
സഞ്‌ജുവും പന്തും വിക്കറ്റ് കീപ്പര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരാണ് പ്രധാന ബാറ്റര്‍മാരായി ടീമിലുള്ളത്. ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. പേസ് യൂണിറ്റില്‍ ജസ്‌പ്രീത് ബുംറയ്‌ക്കൊപ്പം അര്‍ഷ്‌ദീപ് സിങ്ങും മുഹമ്മദ് സിറാജുമാണ് ഇടം നേടിയത്. ശുഭ്‌മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവരെ റിസര്‍വ് താരങ്ങളായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജൂണ്‍ ഒന്ന് മുതല്‍ 29 വരെ അമേരിക്ക- വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്. പ്രഥമിക ഘട്ടത്തില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യ മത്സരിക്കുന്നത്. ചിരവൈരികളായ പാകിസ്ഥാന്‍, അയര്‍ലന്‍ഡ്, കാനഡ, ആതിഥേയരായ അമേരിക്ക എന്നിവരാണ് എതിരാളികള്‍. 10 വര്‍ഷങ്ങളിലേറെ നീണ്ട ഇന്ത്യയുടെ ഐസിസി കിരീട വരൾച്ച അവസാനിപ്പിക്കാനുറച്ചാണ് രോഹിത്തും സംഘവും ടൂര്‍ണമെന്‍റിനിറങ്ങുന്നത്.
ALSO READ: വിഷാദത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റത് ലോക ക്രിക്കറ്റിന്‍റെ നെറുകിലേക്ക്; ഹിറ്റ്‌മാന്‍റെ കരിയറിലേക്കൊരു തിരിഞ്ഞുനോട്ടം - Rohit Sharma Birthday
ഇന്ത്യന്‍ ടീം:രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി , സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്. റിസര്‍വ് താരങ്ങള്‍: ശുഭ്‌മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍