ന്യൂഡല്‍ഹി:ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്‍പ് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്‍ട്രാ സ്ക്വാഡ് മത്സരം ഇന്ത്യൻ ടീം റദ്ദാക്കിയതായി സൂചന. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്‍പായി ഇന്ത്യ എ ടീമിനെതിരെ കളിക്കാനിരുന്ന ത്രിദിന ഇൻട്രാ സ്ക്വാഡ് മത്സരമാണ് റദ്ദാക്കിയത്. ഓസീസിനെതിരായ പരമ്പരയ്‌ക്ക് മുന്‍പ് താരങ്ങള്‍ക്ക് നെറ്റ്‌സില്‍ കൂടുതല്‍ പരിശീലനം നടത്താൻ വേണ്ടിയാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓസ്‌ട്രേലിയൻ പര്യടനത്തിനെത്തുന്ന ഇന്ത്യൻ ടീം റിതുരാജ് ഗെയ്‌ക്‌വാദ് നയിക്കുന്ന എ ടീമിനെതിരെ ഒരു ത്രിദിന മത്സരം കളിക്കുമെന്നാണ് അറിയിച്ചിരുന്നത്. പെര്‍ത്തിലെ ഡബ്ല്യൂഎസിഎ സ്റ്റേഡിയത്തില്‍ നവംബര്‍ 15 മുതല്‍ 17 വരെയായിരുന്നു മത്സരം ഷെഡ്യൂള്‍ ചെയ്‌തിരുന്നത്. എന്നാല്‍, സന്നാഹ മത്സരത്തിന് പകരം നെറ്റ്‌സില്‍ കൂടുതല്‍ സമയം ചെലവഴിക്കാനാണ് സീനിയര്‍ താരങ്ങളും പരിശീലകൻ ഗൗതം ഗംഭീറും ആഗ്രഹിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഇന്‍ട്രാ സ്ക്വാഡ് മത്സരം ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് വാര്‍ത്ത ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റ് മത്സരം അവസാനിക്കുന്ന മുറയ്‌ക്കാകും ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലേക്ക് പറക്കുക. ഓസ്‌ട്രേലിയൻ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പരയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഇടം ഉറപ്പിക്കാൻ ഇന്ത്യയ്‌ക്കും പരമ്പരയില്‍ ജയം അനിവാര്യമാണ്.
കഴിഞ്ഞ രണ്ട് പ്രാവശ്യം ഓസ്ട്രേലിയയിലേക്ക് എത്തിയപ്പോഴും പരിശീലന മത്സരം കളിച്ച ശേഷമാണ് ഇന്ത്യൻ ടീം ഓസീസിനെ നേരിട്ടത്. 2018-19ലെ പര്യടനത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനെതിരെ ചതുര്‍ദിന മത്സരവും 2020-21ല്‍ ഓസ്‌ട്രേലിയ എയ്‌ക്കെതിരെ ത്രിദിന മത്സരവുമായിരുന്നു ഇന്ത്യ കളിച്ചത്.
ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്ക്വാഡ്:രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാൻ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, സര്‍ഫറാസ് ഖാൻ, റിഷഭ് പന്ത്, അഭിമന്യു ഈശ്വരൻ, ധ്രുവ് ജുറെല്‍, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്‌പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ് കൃഷ്‌ണ
Also Read :ബുംറയ്‌ക്ക് വിശ്രമം നല്‍കിയിട്ടില്ല; ആരാധകര്‍ക്ക് ആശങ്കയായി ബിസിസിഐയുടെ വിശദീകരണം