സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ 185 റൺസിന് പുറത്തായി. 40 റൺസെടുത്ത ഋഷഭ് പന്ത് മാത്രമാണ് തിളങ്ങിയത്. രവീന്ദ്ര ജഡേജ (95 പന്തിൽ 26), ജസ്പ്രീത് ബുംറ (17 പന്തിൽ 22), ശുഭ്മൻ ഗിൽ (64 പന്തിൽ 20), വിരാട് കോലി (69 പന്തിൽ 17) എന്നിവര്‍ ഇന്ത്യക്കായി മോശപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഓപ്പണിങ് ജോഡികളായ യശസ്വി ജയ്‌സ്വാളും കെഎൽ രാഹുലും കളത്തിലിറങ്ങിയപ്പോള്‍ മികച്ച തുടക്കമാണ് ആരാധകർ പ്രതീക്ഷിച്ചത്. സ്കോർ 11ൽ നിൽക്കെ രാഹുലിനെ സ്റ്റാർക്കിന്‍റെ പന്തിൽ സാം കോൺസ്റ്റാസ് ക്യാച്ചെടുത്തു പുറത്താക്കി ഇന്ത്യക്ക് ആദ്യ പ്രഹരം നൽകി.
പിന്നാലെ ജയ്‌സ്വാളിനും അധികനേരം പിടിച്ചുനിൽക്കാനായില്ല, 10 റൺസെടുത്ത് നില്‍ക്കെ സ്‌കോട്ട് ബോളണ്ടിന്‍റെ ഇരയായി. ഇരുവരും പുറത്തായതിന് പിന്നാലെ കോലിയും ശുഭ്മാൻ ഗില്ലും തമ്മിൽ മികച്ച കൂട്ടുകെട്ട് വിരിഞ്ഞു. പക്ഷേ, ഉച്ചഭക്ഷണത്തിന് ഒരു പന്ത് മാത്രം ശേഷിക്കെ സ്പിന്നർ നഥാൻ ലിയോൺ ഗില്ലിനെ (20) സ്റ്റീവ് സ്‌മിത്തിന് ക്യാച്ച് നൽകി. ഉച്ചഭക്ഷണം വരെ ഇന്ത്യയുടെ സ്കോർ (57/3) ആയിരുന്നു. 17 റൺസെടുത്ത വിരാട് കോലിയെ സ്കോട്ട് ബോളണ്ട് ബ്യൂ വെബ്സ്റ്ററുടെ കൈകളിലെത്തിച്ചു.
ഇന്ത്യയുടെ ഇടംകൈയ്യൻ വിക്കറ്റ് കീപ്പർ ബാറ്റര്‍ ഋഷഭ് പന്ത് ഇന്ത്യയുടെ ടോപ് സ്‌കോറർ. 98 പന്തിൽ 40 റൺസിന്‍റെ മികച്ച ഇന്നിങ്‌സാണ് താരം കളിച്ചത്. 3 ഫോറും 1 സിക്‌സറും താരം പറത്തി. 4 താരങ്ങൾക്ക് രണ്ടക്കം പോലും കടക്കാനായില്ല. ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ 17 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 22 റൺസാണ് നേടിയത്.
നാല് വിക്കറ്റ് വീഴ്ത്തിയ സ്‌കോട്ട് ബോളൻഡാണ് ഇന്ത്യയുടെ നടുവൊടിച്ചത്. 1975ന് ശേഷം 50 ടെസ്റ്റ് വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കൂടിയ ഫാസ്റ്റ് ബൗളറായി താരം മാറി. കൂടാതെ മിച്ചൽ സ്റ്റാർക്കിനും 3 വിക്കറ്റും ക്യാപ്റ്റൻ പാറ്റ് കമ്മിൻസും 2 വിക്കറ്റും വീഴ്‌ത്തി.
Also Read:രോഹിത് ടെസ്റ്റ് മതിയാക്കുന്നു..?; സിഡ്‌നിയിലെ പിന്മാറ്റം വിരമിക്കല്‍ സൂചന! - ROHIT SHARMA TEST FUTURE