ന്യൂഡൽഹി:മലേഷ്യയിൽ നടക്കുന്ന ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ ടീം ഫൈനലിലേക്ക് കടന്നു. സെമിയിൽ ഇംഗ്ലണ്ടിനെ 9 വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ കലാശപ്പോരാട്ടത്തിലേക്ക് തുടർച്ചയായ രണ്ടാം തവണയും യോഗ്യത നേടിയത്.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 113 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 15 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുത്ത് ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.
4 ഓവറിൽ 14 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ പരുണിക സിസോദിയയാണ് കളിയിലെ താരമായത്. വൈഷ്ണവി ശർമ്മ 4 ഓവറിൽ 23 റൺസ് വഴങ്ങി 3 വിക്കറ്റും ആയുഷി ശുക്ല 4 ഓവറിൽ 21 റൺസ് വഴങ്ങി 2 വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ടിനായി ഡവീന പെറിൻ 45 റൺസും അബി നോർഗ്രോവ് 30 റൺസും നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
Also Read:ഒടുവില്‍ പൊരുതിത്തോറ്റു; ദേശീയ ഗെയിംസിൽ ബീച്ച് ഹാൻഡ്ബോളില്‍ കേരളത്തിന് ആദ്യ വെള്ളി - KERALA WINS FIRST SILVER
ഇന്ത്യയുടെ ജി കമാലിനി 50 പന്തിൽ 8 ബൗണ്ടറികളോടെ 56 റൺസ് നേടി പുറത്താകാതെ നിന്നു. 29 പന്തിൽ 5 ബൗണ്ടറി സഹിതം 35 റൺസ് നേടിയ ഗോംഗഡി തൃഷയും 11 റൺസുമായി പുറത്താകാതെ നിന്ന സനിക ചാൽക്കെയുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഫെബ്രുവരി 2 ന് നടക്കുന്ന ഫൈനൽ മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ടൂര്‍ണമെന്റില്‍ ഒരു മത്സരത്തിലും തോല്‍വിയറിയാതെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കലാശപ്പോരിന് എത്തുന്നത്.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണി മുതലാണ് മത്സരം. 2023ലെ അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ ഷെഫാലി വർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ആദ്യ കിരീടം സ്വന്തമാക്കിയിരുന്നു. തുടർച്ചയായ രണ്ടാം തവണയും ഫൈനൽ ജയിച്ച് കിരീടം നിലനിർത്താനാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.