ന്യൂഡൽഹി:ഇന്ത്യൻ പുരുഷ ഹോക്കി ടീമും ജർമനിയും തമ്മിലുള്ള ഉഭയകക്ഷി പരമ്പരയിലെ ആദ്യ മത്സരം മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. രണ്ട് ടീമുകളും പാരീസ് ഒളിമ്പിക്‌സ് മെഡൽ ജേതാക്കളാണ്. പാരീസിൽ ജർമ്മനി വെള്ളി മെഡൽ നേടിയപ്പോള്‍ തുടർച്ചയായ രണ്ടാം തവണയും ഇന്ത്യക്ക് വെങ്കല മെഡൽ കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. ഇരുടീമുകളും ലോകത്തിലെ ഏറ്റവും ശക്തമായ ടീമുകളായതിനാൽ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്.
പാരീസ് ഒളിമ്പിക്‌സ് സെമിയിൽ ജർമ്മനി ഇന്ത്യയെ 3-2ന് പരാജയപ്പെടുത്തിയിരുന്നു. സെമിയിലെ തോൽവിക്ക് പകരം വീട്ടാൻ ഹർമൻപ്രീത് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മികച്ച പരിശ്രമത്തിലാണ്. എന്നാൽ പാരീസില്‍ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ നെതർലൻഡ്‌സിനോട് തോറ്റ ലോക രണ്ടാം നമ്പർ ടീമായ ജർമ്മനിക്ക് വെള്ളി മെഡൽ ലഭിച്ചു.
ഇന്ത്യൻ പുരുഷ ഹോക്കി ടീം നിലവിൽ ഹോക്കി റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ്. ഈ വർഷം എഫ്ഐഎച്ച് പ്രോ ലീഗിൽ ഇരു ടീമുകളും രണ്ടുതവണ ഏറ്റുമുട്ടി. രണ്ട് മത്സരങ്ങളിലും യഥാക്രമം 3-0 നും 3-2 നും ഇന്ത്യ ജർമ്മനിയെ പരാജയപ്പെടുത്തി. കഴിഞ്ഞ മാസം നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം ചൂടിയതോടെ ഇന്ത്യയുടെ ആവേശം ഉയർന്നു. ജർമ്മനിക്കെതിരെ ഇന്ന് ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുടെ ഉഭയകക്ഷി പരമ്പര നേടാനാണ് ഹർമൻപ്രീതും സംഘത്തിന്‍റെ ലക്ഷ്യം.