പെര്‍ത്ത്:ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുകളുടെ പോരാട്ടം, ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാൻ ഇനി ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ ബെര്‍ത്ത് കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ത്യയും ഓസ്‌ട്രേലിയയും മുഖാമുഖം പോരിനിറങ്ങുന്നതുകൊണ്ട് തന്നെ ഇക്കുറി ടെസ്റ്റ് പരമ്പരയുടെ ആവേശവും ഇരട്ടിയാണ്. നിര്‍ണായകമായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടത്തിന് പെര്‍ത്തില്‍ നാളെ (നവംബര്‍ 22) ഇന്ത്യൻ സമയം രാവിലെ 7:50ന് തുടക്കമാകും. സ്റ്റാര്‍സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയും ഡിഡി സ്പോര്‍ട്‌സ് ചാനലിലൂടെയും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെയും മത്സരം തത്സമയം കാണാം.
കോലി vs സ്‌മിത്ത്:പഴയ പ്രതാപത്തിന്‍റെ നിഴലിലാണ് ഫാബുലസ് ഫോറിലെ സൂപ്പര്‍ താരങ്ങളായ ഇന്ത്യൻ ബാറ്റര്‍ വിരാട് കോലിയും ഓസീസ് താരം സ്റ്റീവ് സ്‌മിത്തും. സമീപകാലത്തെ പ്രകടനങ്ങള്‍ ദയനീയമാണെങ്കിലും ഈ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും പ്രധാന ശ്രദ്ധാകേന്ദ്രം ഇവര്‍ തന്നെയാണ്. നാലാം നമ്പറില്‍ ഇരുവരുടെയും പ്രകടനങ്ങള്‍ ഇരു ടീമിനും നിര്‍ണായകമായേക്കും.
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇരുവരും അവസാനമായി റെഡ് ബോള്‍ ക്രിക്കറ്റില്‍ തങ്ങളുടെ ടീമിനായി കളത്തിലിറങ്ങിയത്. ഈ വര്‍ഷം ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലായിരുന്നു ഓസ്‌ട്രേലിയ ന്യൂസിലൻഡിനെതിരെ ടെസ്റ്റ് കളിച്ചത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ ജയിച്ചെങ്കിലും സ്മിത്തിന് ബാറ്റുകൊണ്ട് തിളങ്ങാനായിരുന്നില്ല.
ഡേവിഡ് വാര്‍ണറുടെ ഒഴിവില്‍ ഓപ്പണറായി ക്രീസിലെത്തിയ താരം രണ്ട് മത്സരങ്ങളിലെ നാല് ഇന്നിങ്‌സിലും നിരാശപ്പെടുത്തി. ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ 31 റണ്‍സ് നേടിയ സ്മിത്ത് രണ്ടാം ഇന്നിങ്‌സില്‍ ഡക്കാകുകയായിരുന്നു. രണ്ടാം മത്സരത്തില്‍ 11, 9 എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ സ്കോറുകള്‍. ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ കഴിഞ്ഞ ഓസ്‌ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്‍റായ ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്‍റിലും താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സ്മിത്തിനെയാണ് കണ്ടത്. എന്നാല്‍, ഇന്ത്യയ്‌ക്കെതിരെ നാലാം നമ്പറിലേക്ക് തിരികെയെത്തുമ്പോള്‍ സ്‌മിത്ത് കത്തിക്കയറുമോ എന്ന് കണ്ടറിയണം.
മറുവശത്ത്, വിരാട് കോലിയുടെ കാര്യവും ഏറെ പരിതാപകരമാണ്. സ്വന്തം നാട്ടില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആകെ ഒരു അര്‍ധസെഞ്ച്വറി പ്രകടനം മാത്രമായിരുന്നു വിരാട് കോലിയുടെ ബാറ്റില്‍ നിന്നും പിറന്നത്. ടെസ്റ്റ് ടീമില്‍ കോലിയുടെ സ്ഥാനത്തെച്ചൊല്ലിയുള്ള മുറവിളികള്‍ ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. ഇനിയുമൊരു പരാജയം ടീമില്‍ 36കാരന്‍റെ സ്ഥാനത്തിന് തന്നെ വെല്ലവിളിയാകും. അതുകൊണ്ട് തന്നെ തന്‍റെ അവസാന ഓസീസ് പര്യടനമാകാൻ സാധ്യതയുള്ള പരമ്പരയില്‍ മികവ് ആവര്‍ത്തിക്കാനായിരിക്കും കോലി ഇറങ്ങുക.
ക്യാപ്‌റ്റൻ ബുംറ: സ്ഥിരം നായകൻ രോഹിത് ശര്‍മയുടെ അഭാവത്തില്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയ്ക്ക് കീഴിലാണ് പെര്‍ത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയൻ ടീമിനെ നേരിടാനിറങ്ങുന്നത്. നായകനായി ബുംറ കളിക്കുന്ന രണ്ടാമത്തെ മത്സരമാണിത്. നേരത്തെ, 2022ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ക്യാപ്‌റ്റനായി താരം അരങ്ങേറ്റം നടത്തിയത്. ഈ മത്സരത്തില്‍ ഇന്ത്യ സമനില വഴങ്ങുകയാണുണ്ടായത്.
രണ്ടാം കുഞ്ഞിന്‍റെ ജനനത്തെ തുടര്‍ന്നാണ് നായകൻ രോഹിത് ശര്‍മയ്‌ക്ക് പെര്‍ത്തിലെ ആദ്യ മത്സരം നഷ്‌ടമായത്. നേരത്തെ, പരിക്കിന്‍റെ സാഹചര്യത്തില്‍ ആദ്യ മത്സരം രോഹിത് കളിക്കില്ലെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. അഡ്‌ലെയ്ഡിലെ ഡേ നൈറ്റ് ടെസ്റ്റിന് മുന്‍പ് രോഹിത് സ്ക്വാഡിനൊപ്പം ചേര്‍ന്നേക്കുമെന്നാണ് സൂചന.
താരങ്ങളുടെ പരിക്കും ഫോമില്ലായ്‌മയും:ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യൻ ടീമിനെ വലയ്‌ക്കുന്നത് പ്രധാന താരങ്ങളുടെ പരിക്കും ഫോമില്ലായ്‌മയുമാണ്. കെഎല്‍ രാഹുല്‍, ശുഭ്‌മാൻ ഗില്‍ എന്നിവരുടെ കാര്യത്തിലാണ് പ്രധാന ആശങ്ക. ഇടത് തള്ളവിരലിന് പരിക്കേറ്റ ഗില്‍ ആദ്യ ടെസ്റ്റില്‍ കളിക്കുന്ന കാര്യത്തില്‍ മത്സരദിവസം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ.
ഗില്ലിന്‍റെ പരിക്ക് ഓരോ ദിവസവും ഭേദമാകുന്നുണ്ടെന്നും ഫിറ്റ്‌നസ് ഉറപ്പിക്കാൻ താരത്തിന് മത്സരദിവസം വരെ സമയമുണ്ടെന്നും കഴിഞ്ഞ ദിവസം ഇന്ത്യയുടെ ബൗളിങ് പരിശീലകൻ മോര്‍ണി മോര്‍ക്കിലാണ് വ്യക്തമാക്കിയത്. ഗില്‍ കളിക്കാനിറങ്ങിയില്ലെങ്കില്‍ ദേവ്ദത്ത് പടിക്കലിനായിരിക്കും മൂന്നാം നമ്പറില്‍ നറുക്ക് വീഴുക.