ദുബായ്: ഐസിസി വനിത ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിനായി ഇന്ത്യൻ ടീം ഇന്ന് ഇറങ്ങും. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകുന്ന മത്സരത്തില്‍ ന്യൂസിലൻഡ് വനിതകളാണ് ഹര്‍മൻപ്രീത് കൗറിന്‍റെയും സംഘത്തിന്‍റെയും എതിരാളികള്‍. ഇന്ത്യൻ സമയം രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുമായി കിരീട പ്രതീക്ഷയിലാണ് ഇന്ത്യൻ വനിതകള്‍ ഇക്കുറി ടി20 ലോകകപ്പിന് ഇറങ്ങുന്നത്. പ്രധാന താരങ്ങളുടെയെല്ലാം ഫോം ടീമിന് പ്രതീക്ഷയാണ്. ഓപ്പണര്‍മാരായ സ്‌മൃതി മന്ദാനയും ഷഫാലി വര്‍മ്മയും ചേര്‍ന്ന് നല്‍കുന്ന തുടക്കം അനുസരിച്ചിരിക്കും ടീമിന്‍റെ സ്കോറിങ് വേഗത.
മധ്യനിരയില്‍ ക്യാപ്‌റ്റൻ ഹര്‍മൻപ്രീത് കൗറിന്‍റെയും ജെമീമ റോഡ്രിഗസിന്‍റെയും പരിചയസമ്പത്തും ബാറ്റിങ് മികവും ടീമിന് കരുത്താകും. മുൻ മത്സരങ്ങളില്‍ ഇരുവര്‍ക്കും മികച്ച പ്രകടനങ്ങള്‍ നടത്താനായെന്നതും ടീമിന്‍റെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്ന കാര്യമാണ്. റിച്ച ഘോഷ്, പൂജ വസ്‌ത്രകര്‍ എന്നിവര്‍ക്കൊപ്പം മികച്ച ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യവും ടീമിനെ സ്ട്രോങ്ങാക്കുന്നുണ്ട്.
രേണുക സിങ്, പൂജ വസ്‌ത്രകാര്‍, അരുന്ധതി റെഡ്ഡി എന്നിവരാണ് ഇന്ത്യൻ സ്ക്വാഡിലെ പേസര്‍മാര്‍. ഇവരില്‍ രണ്ട് പേര്‍ ഉറപ്പായും പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കാനാണ് സാധ്യതകളേറെ. ദുബായിലെ സാഹചര്യം അനുസരിച്ച് സ്‌പിന്നര്‍മാരായ ദീപ്‌തി ശര്‍മ, ശ്രേയങ്ക പാട്ടീല്‍, ആശ ശോഭന, രാധ യാദവ് എന്നിവരുടെ പ്രകടനം നിര്‍ണായകമായി മാറും.