കേരളം

kerala

ETV Bharat / sports

രാജ്‌കോട്ടിലെ ഡബിള്‍ : റാങ്കില്‍ യശസ്വിയ്‌ക്ക് ഡബിള്‍ എഞ്ചിന്‍ കുതിപ്പ്

ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ 14 സ്ഥാനങ്ങള്‍ ഉയര്‍ന്ന് ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍.

ICC Test Rankings  Yashasvi Jaiswal  India vs England  യശസ്വി ജയ്‌സ്വാള്‍  ഇന്ത്യ vs ഇംഗ്ലണ്ട്
ICC Test Rankings Yashasvi Jaiswal achieves career best after double century in Rajkot Test

By ETV Bharat Kerala Team

Published : Feb 21, 2024, 4:46 PM IST

ദുബായ്‌ : ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ (ICC Test Rankings) നേട്ടമുണ്ടാക്കി ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ( Yashasvi Jaiswal). ബാറ്റര്‍മാരുടെ പട്ടികയില്‍ 14 സ്ഥാനങ്ങള്‍ ഉയര്‍ന്ന താരം 15-ാം റാങ്കിലേക്കാണ് എത്തിയത്. ഇംഗ്ലണ്ടിനെതിരായ (India vs England ) മൂന്നാം ടെസ്റ്റിലെ (Rajkot Test) അപരാജിത ഇരട്ട സെഞ്ചുറിയുടെ കരുത്തിലാണ് 22-കാരന്‍റെ ഉയര്‍ച്ച. രാജ്‌കോട്ടിൽ നടന്ന മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ 236 പന്തുകളില്‍ 241 റണ്‍സായിരുന്നു യശസ്വി അടിച്ച് കൂട്ടിയത്.

14 ബൗണ്ടറികളും 12 സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. പരമ്പരയില്‍ യശസ്വിയുടെ രണ്ടാമത്തെ ഇരട്ട സെഞ്ചുറി കൂടിയാണിത്. നേരത്തെ വിശാപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സിലായിരുന്നു താരം ഡബിള്‍ അടിച്ചത്. രാജ്‌കോട്ടിലും നേട്ടം ആവര്‍ത്തിച്ചതോടെ തുടര്‍ച്ചയായ രണ്ട് ടെസ്റ്റുകളില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ വിനോദ് കാംബ്ലി, വിരാട് കോലി എന്നിവര്‍ക്കൊപ്പം തന്‍റെ പേരുകൂടി ചേര്‍ക്കാന്‍ താരത്തിന് കഴിഞ്ഞു.

രാജ്‌കോട്ടില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. 33 റണ്‍സ് ചേര്‍ക്കുമ്പോഴേക്ക് മൂന്ന് വിക്കറ്റുകള്‍ ടീമിന് നഷ്ടമായിരുന്നു. ഇവിടെ നിന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (Rohit Sharma) രവീന്ദ്ര ജഡേജയും (Ravindra Jadeja) നേടിയ സെഞ്ചുറികളുടെ മികവിലായിരുന്നു ആദ്യ ഇന്നിങ്‌സില്‍ ആതിഥേയരുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. 225 പന്തുകളില്‍ ഒമ്പത് ബൗണ്ടറികളും രണ്ട് സിക്‌സും സഹിതം 112 റണ്‍സായിരുന്നു ജഡേജ നേടിയത്.

ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ പൊളിച്ചടുക്കിയ അഞ്ച് വിക്കറ്റ് പ്രകടനമുള്‍പ്പടെ ആകെ ഏഴ്‌ വിക്കറ്റുകള്‍ വീഴ്‌ത്തി തിളങ്ങിയതോടെ മത്സരത്തിലെ താരമായും ജഡ്ഡു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ ബാറ്റർമാരുടെ പട്ടികയില്‍ നിന്നും ഏഴ്‌ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം 34-ാം റാങ്കിലേക്ക് എത്തി. ബോളര്‍മാരുടെ റാങ്കിങ്ങില്‍ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ താരം ആറാം റാങ്കിലെത്തി.

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന താരം കരിയര്‍ ബെസ്റ്റ് റേറ്റിങ് പോയിന്‍റും സ്വന്തമാക്കി. 416-ൽ നിന്നും 469 റേറ്റിങ്‌ പോയിന്‍റിലേക്കാണ് ജഡേജ എത്തിയത്. ഒന്നാം ഇന്നിങ്‌സിലെ സെഞ്ചുറി നേട്ടത്തോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ രോഹിത് 12-ാം റാങ്കിലെത്തി. രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിക്ക് തൊട്ടടുത്ത് വീണെങ്കിലും മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന ശുഭ്‌മാന്‍ ഗില്‍ 35-ാം റാങ്കിലേക്ക് എത്തി.

ALSO READ: 'കാംബ്ലിയെ ഓര്‍മ്മിപ്പിക്കുന്നു, എന്നാല്‍ ആ ദുരന്തം അവന് സംഭവിക്കില്ല' ; യശസ്വിയെക്കുറിച്ച് ആകാശ് ചോപ്ര

അരങ്ങേറ്റക്കാരായ സർഫറാസ് ഖാനും ധ്രുവ് ജുറലും യഥാക്രമം 75, 100 സ്ഥാനങ്ങള്‍ സ്വന്തമാക്കി. ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ ജസ്‌പ്രീത് ബുംറ (Jasprit Bhurah) ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രാജ്‌കോട്ടില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയ താരത്തിന് 876 റേറ്റിങ് പോയിന്‍റുണ്ട്. ആര്‍ അശ്വിന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം റാങ്കിലേക്ക് എത്തി.

ഇംഗ്ലീഷ് നിരയില്‍ നിന്നും ഓപ്പണർ ബെൻ ഡക്കറ്റ് ബാറ്റര്‍മാരുടെ പട്ടികയില്‍ നേട്ടം കൊയ്‌തു. ആദ്യ ഇന്നിങ്‌സില്‍ 153 റൺസ് നേടിയ താരം 12 സ്ഥാനങ്ങൾ ഉയർന്ന് 13-ാം റാങ്കിലേക്കാണ് എത്തിയത്. ബോളര്‍മാരുടെ റാങ്കിങ്ങില്‍ പേസര്‍ മാര്‍ക്ക് വുഡ് 21-ാം റാങ്കിലേക്ക് ഉയര്‍ന്നു.

ABOUT THE AUTHOR

...view details