ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. വിക്ടോറിയ പ്ലസനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് യുണൈറ്റഡിന്‍റെ തിരിച്ചുവരവ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പകരക്കാരനായി ഇറങ്ങിയ ഹൊയ്‌ലുണ്ടിന്‍റെ മികച്ച പ്രകടനമാണ് ടീമിനെ ജയത്തിലെത്തിച്ചത്. ഇരട്ട ഗോളുകൾ നേടി താരം യുണൈറ്റഡിന്‍റെ രക്ഷകനാവുകയായിരുന്നു.
മത്സരത്തില്‍ വളരെ വിരസമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മുഴുവൻ ഗോളുകളും പിറന്നത്. ആദ്യം ഗോൾ നേടി കളിയില്‍ മുന്നിട്ടുനിന്ന് വിക്ടോറിയ പ്ലസനായിരുന്നു. യുണൈറ്റഡിന്‍റെ ഗോള്‍ കീപ്പര്‍ ഒനാനയുടെ പിഴവിൽ പ്ലസനാന്‍റെ വൈദ്രയാണ് ഗോൾ നേടിയത്. 48-ാം മിനിറ്റിലായിരുന്നു പിറന്നത്. ഗോള്‍ പിറന്നതോടെ അമോറിയുടെ സംഘം ആക്രമണവും പ്രതിരോധവും ശക്തമാക്കാന്‍ തുടങ്ങി.
എന്നാല്‍ 62-ാം മിനിറ്റിൽ ഹോയ്‌ലുണ്ടിലൂടെ യുണൈറ്റഡ് മറുപടി നല്‍കി. അമദിന്‍റെ ഒരു ഷോട്ട് പ്ലസന്‍ ഗോള്‍ കീപ്പര്‍ തടഞ്ഞപ്പോള്‍ റീബൗണ്ടില്‍ ഹോയ്‌ലുണ്ട് ഗോള്‍ സ്വന്തമാക്കുകയായിരുന്നു. മത്സരം 1-1ന് സമനിലയില്‍ തുടര്‍ന്നപ്പോള്‍ വിജയ ഗോളിനായി ഇരുടീമുകളും കിണഞ്ഞു ശ്രമിച്ചു. ഒടുവിൽ 88-ാം മിനിറ്റിൽ യുണൈറ്റഡിന് വേണ്ടി ഹോയ്‌ലുണ്ടിന്‍റെ രണ്ടാം ഗോളും വന്നു.
ജയത്തോടെ ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും മൂന്ന് സമനിലയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴാം സ്ഥാനത്താണ്. 16 പോയിന്‍റുമായി ലസിയോ ഒന്നാമതും അത്‌ലറ്റിക് ക്ലബ് രണ്ടാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. ഒന്‍പത് പോയിന്‍റുമായി വിക്ടോറിയ പ്ലസന്‍ 17-ാം സ്ഥാനത്താണുള്ളത്.
Also Read:ചാമ്പ്യൻസ് ട്രോഫിയില്‍ 'പുതിയ ട്വിസ്റ്റ്'; ടൂര്‍ണമെന്‍റ് അടിമുടി മാറിയേക്കും, റിപ്പോര്‍ട്ട് പുറത്ത് - CHAMPIONS TROPHY 2025 FORMAT