മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം പതിപ്പില്‍ സ്വപ്‌ന തുല്യമായ കുതിപ്പാണ് രാജസ്ഥാന്‍ റോയല്‍സ് നടത്തുന്നത്. കളിച്ച ഒമ്പത് മത്സരങ്ങളില്‍ എട്ടും വിജയിച്ച സഞ്‌ജു സാംസണിന്‍റെ സംഘം നിലവിലെ പോയിന്‍റ് പട്ടികയില്‍ തലപ്പത്താണ്. 16 പോയിന്‍റാണ് ടീമിനുള്ളത്.
ഇതോടെ രാജസ്ഥാന് പ്ലേഓഫ് ഉറപ്പിക്കാന്‍ കഴിഞ്ഞുവോയെന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ്. സാങ്കേതികമായി നോക്കുകയാണെങ്കില്‍ രാജസ്ഥാന് പ്ലേഓഫ് ഉറപ്പിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് ഉത്തരം. അതിനാവട്ടെ ശേഷിക്കുന്ന അഞ്ചില്‍ ഒരു മത്സരത്തില്‍ വിജയം മാത്രം മതി രാജസ്ഥാന്.
പോയിന്‍റ് ടേബിളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് രാജസ്ഥാന് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത്. എട്ട് മത്സരങ്ങളില്‍ നിന്നും 10 പോയിന്‍റാണ് കൊല്‍ക്കത്തയ്‌ക്ക്. ഒമ്പത് മത്സരങ്ങളില്‍ നിന്നും 10 വീതം പോയിന്‍റുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് എന്നിവരാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനത്ത്.
10 മത്സരങ്ങളില്‍ 10 പോയിന്‍റുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് ആറാമതുണ്ട്. ശേഷിക്കുന്ന മത്സരങ്ങള്‍ നോക്കുമ്പോള്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ ഈ ടീമുകള്‍ക്കും 16 പോയിന്‍റിലേക്ക് എത്താനാവും. ഇക്കാരണത്താലാണ് ഒരു വിജയം രാജസ്ഥാന് മറ്റ് വെല്ലുവിളികള്‍ ഇല്ലാതെയാക്കുന്നത്. അതേസമയം സീസണില്‍ ഇതേവരെയുള്ള രാജസ്ഥാന്‍റെ ആകെയുള്ള ഒരു തോല്‍വി ഗുജറാത്ത് ടൈറ്റന്‍സിനെതിരെയായിരുന്നു.