ചെന്നൈ:ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ച ബംഗ്ലാദേശിന്‍റെ യുവ പേസറാണ് ഹസൻ മഹമൂദ്. മത്സരത്തിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭമാൻ ഗിൽ എന്നിവരുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. ശേഷം റിഷഭ് പന്തും പുറത്തായി. ഈ നാല് സൂപ്പര്‍ താരങ്ങളെ ക്രീസില്‍ നിന്ന് പുറത്തെത്തിച്ചത് ഹസന്‍റെ ഉജ്വല പ്രകടനമാണ്.
ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബംഗ്ലാദേശ് ബൗളറായി ഹസൻ മഹമൂദ് ചരിത്രം സൃഷ്ടിച്ചു. താരത്തിന്‍റെ മിന്നുന്ന പ്രകടനത്തിന്‍റെ പിൻബലത്തിൽ ബംഗ്ലാദേശ് ആദ്യ ടെസ്റ്റിൽ ആതിഥേയരായ ടീമിനെ 376 റൺസിന് പുറത്താക്കി. കൃത്യതയോടെ പന്തെറിഞ്ഞ ബംഗ്ലാദേശിന്‍റെ വലംകൈയ്യൻ ഫാസ്റ്റ് ബൗളർ മഹ്മൂദ് ഒന്നാം ഇന്നിങ്‌സിൽ 22.2 ഓവറിൽ 83 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. 2007ന് ശേഷം 17 വർഷത്തിനിടെ ആദ്യമായി ഇന്ത്യയ്‌ക്കെതിരെ ഏറ്റവും വേഗത്തിൽ 5 വിക്കറ്റ് വീഴ്ത്തുന്ന ഏഷ്യൻ ഫാസ്റ്റ് ബൗളറായി മാറി ഹസന്‍.