കേരളം

kerala

ETV Bharat / sports

'ഇന്ത്യ കളിച്ചില്ലെങ്കിലും ക്രിക്കറ്റ് ഉണ്ടാകും'; ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിലേ നടത്തൂവെന്ന് ഹസൻ അലി - Hasan Ali On India CT Participation - HASAN ALI ON INDIA CT PARTICIPATION

ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യയുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി പാകിസ്ഥാൻ താരം ഹസൻ അലി. ഇന്ത്യ പങ്കെടുത്തില്ലെങ്കിലും മത്സരങ്ങള്‍ നടക്കുമെന്ന് താരം.

CHAMPIONS TROPHY 2025  INDIA VS PAKISTAN  ചാമ്പ്യൻസ് ട്രോഫി  ടീം ഇന്ത്യ പാകിസ്ഥാൻ സന്ദര്‍ശനം
Hasan Ali (IANS)

By ETV Bharat Kerala Team

Published : Jul 22, 2024, 7:59 AM IST

ലാഹോര്‍ :പാകിസ്ഥാനില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയില്‍ ടീം ഇന്ത്യ കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. പാകിസ്ഥാനിലേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ യാത്ര സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ആയിരിക്കും അന്തിമ നിലപാട് സ്വീകരിക്കുക എന്നാണ് ബിസിസിഐയുടെ ഭാഷ്യം. ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്കായി ശ്രീലങ്കയിലോ യുഎഇയിലോ വേദിയൊരുക്കണമെന്നാണ് ബിസിസിഐ അധികൃതരുടെ അഭിപ്രായം.

എന്നാല്‍, മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടത്താൻ തങ്ങള്‍ ഒരുക്കമല്ലെന്ന നിലപാടിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ്. ടൂര്‍ണമെന്‍റ് പൂര്‍ണമായും പാകിസ്ഥാനില്‍ തന്നെ വേണമെന്നാണ് അവരുടെ അഭിപ്രായം. പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഇതേ അഭിപ്രായത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാൻ താരം ഹസൻ അലി.

ഇന്ത്യൻ ടീം ഇല്ലാതെയും ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കാൻ തങ്ങള്‍ ഒരുക്കമാണെന്നാണ് ഹസൻ അലിയുടെ അഭിപ്രായം. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാൻ ഇന്ത്യൻ താരങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കിലും സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും മറ്റ് നയമാണ് സ്വീകരിക്കുന്നതെന്നും ഹസൻ അലി കുറ്റപ്പെടുത്തി. പാകിസ്ഥാനാണ് ടൂര്‍ണമെന്‍റിന്‍റെ ആതിഥേയത്വം വഹിക്കുന്നതെങ്കില്‍ മത്സരങ്ങള്‍ പൂര്‍ണമായും പാകിസ്ഥാനിലേ നടക്കൂവെന്നും ഹസൻ അലി വ്യക്തമാക്കി. താരത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ...

'ഞങ്ങള്‍ ഇന്ത്യയിലേക്ക് കളിക്കാൻ പോകുന്നുണ്ടെങ്കില്‍ അതുപോലെ തന്നെ തിരിച്ച് അവരും ഇങ്ങോട്ടേക്കും വരണം. പാകിസ്ഥാനില്‍ കളിക്കാൻ ആഗ്രഹമുണ്ടെന്ന് നിരവധി ഇന്ത്യൻ താരങ്ങള്‍ പറഞ്ഞിട്ടുണ്ട്. ആ സാഹചര്യത്തില്‍ ടീം പാകിസ്ഥാനിലേക്ക് വരാൻ ആഗ്രഹിക്കുന്നില്ല എന്ന് പറയുന്ന കാര്യത്തില്‍ യാതൊരു അര്‍ഥവുമില്ല.

താരങ്ങള്‍ ഇങ്ങോട്ടേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, രാജ്യത്തിന്‍റെയും അവരുടെ ബോര്‍ഡിന്‍റെയും നയങ്ങള്‍ മറ്റൊന്നാണ്. ഈ കാര്യത്തില്‍ പിസിബി അധ്യക്ഷൻ പറഞ്ഞത് പോലെ പാകിസ്ഥാൻ ആണ് ചാമ്പ്യൻസ് ട്രോഫിയ്‌ക്ക് ആതിഥേയത്വം വഹിക്കുന്നതെങ്കില്‍ കളികള്‍ എല്ലാം ഇവിടെ മാത്രമെ നടക്കൂ. ഇന്ത്യ എത്തിയില്ലെങ്കില്‍ അവരില്ലാതെ തന്നെ ടൂര്‍ണമെന്‍റ് നടത്തും. ഇന്ത്യ പങ്കെടുത്തില്ല എന്നുവച്ച് അവസാനിക്കുന്നതല്ല ക്രിക്കറ്റ്'- ഒരു ടെലിവിഷൻ അഭിമുഖത്തില്‍ ഹസൻ അലി പറഞ്ഞു.

2025 ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലായാണ് ഐസിസി ചാമ്പ്യൻസ് ട്രോഫി ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്. ആതിഥേയരുള്‍പ്പടെ കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ആദ്യ എട്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്‌ത ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുക.

Also Read :ഐസിസി ചാമ്പ്യൻസ് ട്രോഫി: ഇന്ത്യയ്‌ക്ക് പിന്മാറാന്‍ കഴിയുമോ?, പിന്മാറിയാല്‍ എന്തു സംഭവിക്കും ?

ABOUT THE AUTHOR

...view details