ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും പിരിയാനൊരുങ്ങുകയാണെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചൂടൻ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. നടാഷ തന്‍റെ ഇൻസ്റ്റഗ്രാമിൽ നിന്ന് ഹാർദിക് പാണ്ഡ്യയുടെ പേരു നീക്കിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകളുണ്ടെന്ന് അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ പാണ്ഡ്യയോ, നടാഷയോ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ഈ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായാണ് ഹാർദിക് പാണ്ഡ്യ ക്രീസിലിറങ്ങിയത്. പക്ഷേ ഐപിഎൽ പോയിന്‍റ് ടേബിളിൽ അവസാനക്കാരായി പ്ലേ ഓഫ് കാണാതെ മുംബൈ ഇന്ത്യൻസ് പുറത്തായി. ക്യാപ്റ്റൻസി നഷ്‌ടമായ രോഹിത് ശർമ്മയുടെ ആരാധകരുടെ വെറുപ്പും ഹാര്‍ദിക് പാണ്ഡ്യ ഇത്തവണ സമ്പാദിച്ചു. ഇതിനിടെ തൻ്റെ അർധസഹോദരൻ ബിസിനസിൽ വഞ്ചിച്ചതും താരത്തെ വലച്ചു.
ഇപ്പോഴിതാ കുടുംബജീവിതത്തിലും വിള്ളൽ വന്നുവെന്ന തരത്തിൽ വാർത്തകൾ പരക്കുകയാണ്. ബുധനാഴ്‌ചയാണ് പാണ്ഡ്യയെ ഇൻസ്റ്റഗ്രാം ബയോയിൽ നിന്ന് ഭാര്യ നടാഷ സ്റ്റാൻകോവിച്ച് നീക്കം ചെയ്‌തത്. ഇതാണ് ഊഹാപോഹങ്ങൾക്ക് ആധാരം.