മുംബൈ: ആരാധക ലോകത്തെ ഏറെ പിടിച്ചുകുലുക്കിയ സംഭവമാണ് ഐപിഎല്‍ 2024-ന് (IPL 2024) മുന്നോടിയായുള്ള മുംബൈ ഇന്ത്യന്‍സിന്‍റെ (Mumbai Indians) ക്യാപ്റ്റന്‍സി മാറ്റം. മുംബൈക്ക് അഞ്ച് കിരീടങ്ങള്‍ നേടിക്കൊടുത്ത രോഹിത് ശര്‍മയെ (Rohit Sharma) മാറ്റി ഹാര്‍ദിക് പാണ്ഡ്യയ്‌ക്കാണ് (Hardik Pandya ) പുതിയ സീസണില്‍ മുംബൈ ചുമതല നല്‍കിയത്. മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തില്‍ ആരാധകര്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
നേരിട്ടല്ലെങ്കിലും തങ്ങളുടെ അതൃപ്‌തി ടീമിനുള്ളിലെ ജസ്‌പ്രീത് ബുംറയും സൂര്യകുമാര്‍ യാദവും സോഷ്യല്‍ മീഡിയയിലൂടെ പ്രകടനമാക്കുകയും ചെയ്‌തു. ഇപ്പോഴിതാ ക്യാപ്റ്റന്‍സി വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ. തന്‍റെ ക്യാപ്റ്റന്‍സിയ്‌ക്ക് കീഴില്‍ രോഹിത് ശര്‍മ കളിക്കുന്നതില്‍ യാതൊരു അസ്വഭാവികതയും ഇല്ലെന്നാണ് 30-കാരന്‍ പറയുന്നത്.
രോഹിത്തിന്‍റെ പിന്തുണ തനിക്ക് എപ്പോഴുമുണ്ടെന്നും ഹാര്‍ദിക് പറഞ്ഞു. മുംബൈ ക്യാപ്റ്റനായുള്ള ആദ്യ വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് ഹാര്‍ദിക് പ്രതികരിച്ചത്. താരത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ...
"ടീം ഇന്ത്യയുടെ ക്യാപ്റ്റനാണ് രോഹിത് ശര്‍മ. എനിക്കേറെ ഗുണം ചെയ്യുന്ന കാര്യമാണത്. ഈ ടീം നേടിയതെല്ലാം അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ്. അതു നിലനിര്‍ത്താനും തുടരാനുമാണ് ഞാന്‍ ശ്രമിക്കുന്നത്. എന്‍റെ കരിയറില്‍ അദ്ദേഹത്തിന് കീഴിലാണ് ഞാന്‍ എറെ കളിച്ചിട്ടുള്ളത്.
അതുകൊണ്ട് തന്നെ എന്‍റെ ചുമലില്‍ അദ്ദേഹത്തിന്‍റെ കൈ എപ്പോഴുമുണ്ടെന്ന് എനിക്കറിയാം. ഇപ്പോള്‍ എനിക്ക് കീഴില്‍ അദ്ദേഹം കളിക്കുന്നതില്‍ യാതൊരു അസ്വാഭാവികതയുമില്ല. കാരണം അത് ടീമിനകത്ത് ഒരു വ്യത്യാസവും വരുത്തുന്നില്ല. സത്യം പറയുകയാണെങ്കില്‍ എന്നെ സംബന്ധിച്ച് ഇതൊരു പുതിയ അനുഭവമായിരിക്കും"- ഹാര്‍ദിക് പറഞ്ഞു.