മുംബൈ: ചാമ്പ്യന്‍സ് ട്രോഫിയ്‌ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ അടുത്തിടെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് വിരാമമാവുന്നതേയില്ല. ഇപ്പോഴിതാ സ്‌പിന്നര്‍മാരുടെ തിരഞ്ഞടുപ്പില്‍ സെലക്‌ടര്‍മാര്‍ കാണിച്ചത് ആന മണ്ടത്തരമാണെന്നാണ് മുന്‍ താരം ഹര്‍ഭജന്‍ സിങ് പറയുന്നത്.
കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, വാഷിങ്‌ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവരെയാണ് ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ട സ്‌പിന്നര്‍മാര്‍. എന്നാല്‍ യുസ്‌വേന്ദ്ര ചാഹലിനെ ടീമിന്‍റെ ഭാഗമാക്കണമായിരുന്നുവെന്നാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്‌പിന്നര്‍മാരില്‍ ഒരാള്‍ കൂടിയായ ഹര്‍ഭജന്‍ വ്യക്തമാക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"സഞ്ജു ടീമിൽ ഇല്ല. യുസ്‌വേന്ദ്ര ചാഹലും ടീമിൽ ഇല്ല. നിങ്ങൾ നാല് സ്‌പിന്നർമാരെ തിരഞ്ഞെടുത്തു. അവരിൽ രണ്ട് പേർ ഇടംകൈയ്യൻമാരാണ്. വേരിയേഷന്‍സിനായി നിങ്ങൾക്ക് ഒരു ലെഗ് സ്‌പിന്നറെയും ഉൾപ്പെടുത്താമായിരുന്നു.
ചാഹൽ ഒരു മികച്ച ബോളറാണ്. അദ്ദേഹം എന്ത് തെറ്റാണ് ചെയ്‌തതെന്ന് എനിക്കറിയില്ല. അതിനാലാണോ അയാള്‍ ഈ ടീമിന് ചേരാത്തത്"- ഹര്‍ഭജന്‍ പറഞ്ഞു.
2023- ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലാണ് താരം അവസാനമായി ഇന്ത്യയ്‌ക്കായി കളിച്ചത്. ഇതേവര്‍ഷം ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ ആയിരുന്നു അവസാന ഏകദിന മത്സരം. കരിയറിൽ ഇതുവരെ കളിച്ച 72 ഏകദിന മത്സരങ്ങളിൽ നിന്നും 34- കാരനായ ചാഹൽ 27.13 ശരാശരിയിലും 5.26 ഇക്കോണമിയിലും 121 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
2024-ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്കാണ് ചാഹൽ അവസാനമായി തിരഞ്ഞെടുക്കപ്പെട്ടത്. നിർഭാഗ്യവശാൽ ടൂർണമെന്‍റിലുടനീളം താരത്തിന് അവസരം ലഭിച്ചിരുന്നില്ല. അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവര്‍ക്കായിരുന്നു പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചത്.
സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കിയതിലുള്ള തന്‍റെ അതൃപ്‌തി വീണ്ടും ഹര്‍ഭജന്‍ പ്രകടിപ്പിച്ചു. ഏകദിനങ്ങളിലെ സഞ്‌ജുവിന്‍റെ മികച്ച പ്രകടനങ്ങൾ പരാമർശിച്ചുകൊണ്ട് താരത്തിന്‍റെ ബാറ്റിങ് ഫോർമാറ്റിന് അനുയോജ്യമാണെന്ന് ഹര്‍ഭജന്‍ വാദിക്കുകയും ചെയ്‌തു.
"സത്യമായും, എനിക്ക് അവനോട് സഹതാപം തോന്നുന്നു. അവന്‍ റൺസ് നേടുന്നു, പക്ഷേ ടീമിന് പുറത്താക്കുന്നു. നിങ്ങൾക്ക് 15 പേരെ മാത്രമേ തിരഞ്ഞെടുക്കാൻ കഴിയൂ എന്ന് എനിക്കറിയാം, പക്ഷേ അവന്‍റെ ബാറ്റിങ് ഫോർമാറ്റിന് അനുയോജ്യമാണെന്ന് ഞാൻ കരുതുന്നു.
ALSO READ: ഒരൊറ്റ ഇന്ത്യന്‍ താരവുമില്ല!; 2024-ലെ ഏകദിന ടീം പ്രഖ്യാപിച്ച് ഐസിസി - ICC ODI TEAM OF THE YEAR 2024
അവന്‍റെ ശരാശരി 55-56 ആണ്, പക്ഷേ രണ്ടാമത്തെ വിക്കറ്റ് കീപ്പറായി പോലും അവന്‍ അവിടെയില്ല. അവനെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ ആരുടെ സ്ഥാനത്ത് എന്ന് ആളുകള്‍ ചോദിക്കുന്നു. എന്നാല്‍ ആ സ്ഥാനം ഉണ്ടാക്കാന്‍ കഴിയും"- ഹര്‍ഭജന്‍ പറഞ്ഞു നിര്‍ത്തി.