മുംബൈ:മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട് കനത്ത വിമര്‍ശനങ്ങള്‍ക്ക് നടുവിലുള്ള ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പിന്തുണയുമായി ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്. മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക്ക് ഒറ്റപ്പെട്ടു. ഹാര്‍ദിക്കിനെ മുംബൈയിലെ മറ്റ് കളിക്കാര്‍ ക്യാപ്റ്റനായി അംഗീകരിക്കണമെന്നുമാണ് മുന്‍ താരം കൂടിയായി ഹര്‍ഭജന്‍റെ വാക്കുകള്‍.
'മുംബൈ ഇന്ത്യന്‍സില്‍ ഇപ്പോഴുള്ള കാഴ്‌ച അത്ര സുഖകരമല്ല, ഹാർദിക് പാണ്ഡ്യ ഒറ്റപ്പെട്ടു കഴിഞ്ഞു. ഫ്രാഞ്ചൈസിയിലെ കളിക്കാർ അദ്ദേഹത്തെ ക്യാപ്റ്റനായി അംഗീകരിക്കണം. ആ തീരുമാനമെടുത്തത് ഫ്രാഞ്ചൈസിയാണ്.
അതില്‍ ഒറ്റക്കെട്ടായി ഉറച്ച് നില്‍ക്കേണ്ടതുണ്ട്. നേരത്തെ ഞാന്‍ കളിച്ചിട്ടുള്ള ഫ്രാഞ്ചൈസി എന്ന നിലയില്‍, മുംബൈ ഇന്ത്യന്‍സില്‍ ഇപ്പോഴുള്ള കാഴ്‌ച അത്ര നല്ലതല്ല. വിദേശ താരങ്ങളോ അല്ലെങ്കില്‍ സ്വദേശ താരങ്ങളാണോ എന്നറിയില്ല. ധാരാളം പേര്‍ ഹാര്‍ദിക്കിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
ഒരു ക്യാപ്റ്റനെന്ന നിലയില്‍ സ്വാതന്ത്യത്തോടെ പ്രവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ് ഡ്രസിങ് റൂമിലെ ചില വലിയ ആളുകള്‍ അവനെ അനുവദിക്കുന്നില്ല. ഇത്തരമൊരു സാഹചര്യം ഏതൊരു ക്യാപ്റ്റനെ സംബന്ധിച്ചും പ്രയാസമായ കാര്യമാണ്"- ഹര്‍ഭജന്‍ സിങ് പറഞ്ഞു.
ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ പുതിയ സീസണിന് മുന്നോടിയായി ആയിരുന്നു മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ തട്ടകത്തിലേക്ക് തിരികെ എത്തിച്ചത്. ക്യാപ്റ്റന്‍സി ഉള്‍പ്പെടെയുള്ള കാരണങ്ങളാലായിരുന്നു ഹാര്‍ദിക് നേരത്തെ മുംബൈ ഇന്ത്യന്‍സ് വിട്ടതെന്ന് സംസാരമുണ്ടായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം ഉറപ്പിച്ചായിരുന്നു 30-കാരന്‍ ഫ്രാഞ്ചൈസിയിലേക്ക് തിരികെ എത്തിയത്.
ഇതിനായി അഞ്ച് കിരീടങ്ങള്‍ നേടിക്കൊടുത്ത രോഹിത് ശര്‍മയെയാണ് മാനേജ്‌മെന്‍റ് ചുമതലയില്‍ നിന്നും തെറിപ്പിച്ചത്. ഹാര്‍ദിക്കിന്‍റെ തിരിച്ചുവരവിലും പിന്നാലെ ക്യാപ്റ്റന്‍സിയിലുമുള്ള അതൃപ്‌തി ചില പ്രമുഖ താരങ്ങള്‍ പരസ്യമാക്കിയിരുന്നു. ആരാധകര്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്‌തു.
എന്നാല്‍ ഭാവി മുന്നില്‍ കണ്ടുകൊണ്ട് കൂട്ടായതായിരുന്നു പ്രസ്‌തുത തീരുമാനമെന്നായിരുന്നു മാനേജ്‌മെന്‍റ് വിശദീകരിച്ചത്. പക്ഷെ, സീസണിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഹാര്‍ദിക്കിനൊപ്പം മുംബൈ പരിശീലകന്‍ മാര്‍ക്ക് ബൗച്ചറും വെള്ളം കുടിച്ചു. ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഇരുവരും മൗനം പാലിക്കുകയായിരുന്നു ചെയ്‌തത്.
ALSO READ: മായങ്കിന് മുന്നില്‍ മുട്ടിടിച്ച് ബാറ്റര്‍മാര്‍; രണ്ടാമത്തെ കളിയിലും താരം, വേഗപ്പന്തുകളാല്‍ വരവ് പ്രഖ്യാപിച്ച് 21-കാരന്‍ - Mayank Yadav Fastest Delivery
വിഷയത്തില്‍ രോഹിത്തുമായി സംസാരിച്ചിട്ടില്ലെന്ന ഹാര്‍ദിക്കിന്‍റെ തുറന്ന് പറച്ചില്‍ ആരാധകരെ ഞെട്ടിക്കുകയും ചെയ്‌തു. സീസണില്‍ കളിക്കാന്‍ എത്തിയപ്പോഴാവട്ടെ മുംബൈക്ക് തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. കളിച്ച മൂന്ന് മത്സരങ്ങളിലും ടീം തോല്‍വി വഴങ്ങി. ഇതോടെ രോഹിത്തിനെ നായക സ്ഥാനത്തേക്ക് തിരികെ എത്തിക്കണമെന്ന ആവശ്യം ശക്തമാവുന്നതിനിടെയാണ് ഹര്‍ഭജന്‍ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.