കേരളം

kerala

ETV Bharat / sports

പുതിയ നായകന്മാര്‍, കുതിപ്പ് തുടങ്ങാൻ ഗുജറാത്തും മുംബൈയും; അഹമ്മദാബാദില്‍ ഇന്ന് ചാമ്പ്യന്മാരുടെ പോരാട്ടം - IPL 2024 - IPL 2024

ഐപിഎല്‍ പതിനേഴാം പതിപ്പിലെ അഞ്ചാം മത്സരം. ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസ് ടീമുകള്‍ നേര്‍ക്കുനേര്‍. മത്സരം അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍.

IPL 2024 GUJARAT TITANS VS MUMBAI INDIANS  GT VS MI MATCH PREVIEW ROHIT SHARMA  HARDIK PANDYAIPL 2024 GUJARAT TITANS VS MUMBAI INDIANS MATCH PREVIEW
GT VS MI MATCH PREVIEW

By ETV Bharat Kerala Team

Published : Mar 24, 2024, 10:37 AM IST

അഹമ്മദാബാദ് :ഐപിഎല്‍ പതിനേഴാം പതിപ്പിലെ ആദ്യ മത്സരത്തിനായി ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും ഇന്നിറങ്ങും. ടൈറ്റൻസിന്‍റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. പുതിയ നായകന്മാര്‍ക്ക് കീഴിലാണ് ഇരു ടീമും ഇക്കുറി കളത്തിലിറങ്ങുന്നത്.

മുംബൈ ഇന്ത്യൻസിന് ഇത് ഹാര്‍ദിക് യുഗത്തിന്‍റെ തുടക്കമാണ്. കഴിഞ്ഞ രണ്ട് സീസണിലും ഗുജറാത്ത് ടൈറ്റൻസ് നായകനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ താരകൈമാറ്റത്തിലൂടെയായിരുന്നു ഇത്തവണ മുംബൈ കൂടാരത്തില്‍ തിരിച്ചെത്തിച്ചത്. പിന്നാലെ പാണ്ഡ്യയ്‌ക്ക് രോഹിത് ശര്‍മയെ ക്യാപ്റ്റൻസിയില്‍ നിന്നും നീക്കി ടീം നായക ചുമതല നല്‍കുകയും ചെയ്‌തു.

ടി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ഈ സീസണിലെ പ്രകടനങ്ങള്‍ മുംബൈ മുൻ നായകൻ രോഹിത് ശര്‍മയ്‌ക്ക് ഏറെ നിര്‍ണായകമാകും. കഴിഞ്ഞ സീസണുകളിലെല്ലാം നിറം മങ്ങിയ പ്രകടനമായിരുന്നു രോഹിത് കാഴ്‌ചവച്ചത്. ക്യാപ്‌റ്റൻസി സമ്മര്‍ദം ഒന്നുമില്ലാതെ രോഹിത് വീണ്ടും കളത്തിലേക്ക് എത്തുമ്പോള്‍ താരത്തിന്‍റെ ബാറ്റ് എങ്ങനെ ശബ്‌ദിക്കുമെന്ന് കണ്ടറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും.

പ്രധാന താരങ്ങളുടെ പരിക്ക് ഇന്ന് ഗുജറാത്തിനെ നേരിടാൻ ഇറങ്ങുന്ന മുംബൈയ്‌ക്ക് തലവേദനയാണ്. ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കാത്ത സൂര്യകുമാര്‍ യാദവിന്‍റെ അഭാവം മുംബൈ മധ്യനിര എങ്ങനെ മറികടക്കുമെന്ന് കണ്ടറിയണം. സൂര്യകുമാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ തിലക് വര്‍മ, നേഹല്‍ വധേര, ടിം ഡേവിഡ് എന്നിവരുടെ പ്രകടനങ്ങള്‍ മുംബൈയ്‌ക്ക് നിര്‍ണായകമാകും.

ബൗളിങ്ങില്‍ ജസ്‌പ്രീത് ബുംറയിലാണ് ടീമിന്‍റെ പ്രതീക്ഷ. കഴിഞ്ഞ സീസണിലെ കണ്ടെത്തലായ ആകാശ്‌ മധ്‌വാള്‍ ഇക്കൊല്ലവും മികവ് ആവര്‍ത്തിച്ചാല്‍ മുംബൈയ്‌ക്ക് പേടിക്കേണ്ടി വരില്ല.

മറുവശത്ത്, ശുഭ്‌മാൻ ഗില്ലിന് കീഴിലും മുൻ വര്‍ഷങ്ങളിലെ കുതിപ്പ് തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ഗുജറാത്ത് ടൈറ്റൻസ്. ഹാര്‍ദിക് പാണ്ഡ്യ ഈ സീസണിന് മുന്നോടിയായി ടീം വിട്ടതോടെയാണ് നായകന്‍റെ ചുമതല 24കാരനായ ഗില്ലിലേക്ക് എത്തിപ്പെട്ടത്. നായകനായി താരം എങ്ങനെ ബാറ്റ് ചെയ്യുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പ് വിന്നറായ ശുഭ്‌മാൻ ഗില്ലിലാണ് ഇക്കുറിയും ഗുജറാത്തിന്‍റെ റണ്‍സ് പ്രതീക്ഷകള്‍. ഏറെക്കുറെ ബാലൻസ്‌ഡ് സ്ക്വാഡാണ് ഗുജറാത്തിന്‍റേതും. ഗില്ലിനൊപ്പം സായ് സുദര്‍ശൻ, കെയ്‌ൻ വില്യംസണ്‍, ഡേവിഡ് മില്ലര്‍ തുടങ്ങിയ താരങ്ങളും ടീമിന്‍റെ ബാറ്റിങ് കരുത്ത് കൂട്ടുന്നു.

ഐപിഎല്‍ പതിനാറാം പതിപ്പില്‍ കൂടുതല്‍ വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുടെ അഭാവം ടീമിന് കനത്ത തിരിച്ചടിയാണ്. ഷമിയുടെ അഭാവത്തില്‍ മോഹിത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ മികവിലേക്ക് ഉയര്‍ന്നില്ലെങ്കില്‍ ഗുജറാത്തിനും വെള്ളം കുടിക്കേണ്ടി വരും. വാലറ്റത്ത് വെടിക്കെട്ട് ബാറ്റിങ് നടത്താൻ കെല്‍പ്പുള്ള റാഷിദ് ഖാൻ ആയിരിക്കും ഇക്കുറി ഗുജറാത്തിന്‍റെ എക്‌സ് ഫാക്‌ടര്‍.

Also Read :സഞ്ജുവും രാഹുലും നേര്‍ക്കുനേര്‍, ജയിച്ചുതുടങ്ങാൻ രാജസ്ഥാനും ലഖ്‌നൗവും - IPL 2024

ഗുജറാത്ത് ടൈറ്റന്‍സ് സ്‌ക്വാഡ്: അഭിനവ് സദരംഗനി, ബി. സായ് സുദർശൻ, ദർശൻ നൽകണ്ടെ, ഡേവിഡ് മില്ലർ, ജയന്ത് യാദവ്, ജോഷ്വ ലിറ്റിൽ, കെയ്ൻ വില്യംസൺ, മാത്യു വെയ്‌ഡ്, മുഹമ്മദ് ഷമി, മോഹിത് ശർമ, നൂർ അഹമ്മദ്, ആർ സായ് കിഷോർ, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാൻ, ശുഭ്‌മാൻ ഗിൽ, വിജയ് ശങ്കർ, വൃദ്ധിമാൻ സാഹ, അസ്‌മത്തുള്ള ഒമർസായി, ഉമേഷ് യാദവ്, മാനവ് സുധാർ, ഷാരൂഖ് ഖാൻ, സുശാന്ത് മിശ്ര, കാർത്തിക് ത്യാഗി, സ്പെൻസർ ജോൺസൺ, റോബിൻ മിൻസ്.

മുംബൈ ഇന്ത്യൻസ് സ്ക്വാഡ്:രോഹിത് ശർമ്മ, ഡെവാൾഡ് ബ്രെവിസ്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ (ഡബ്ല്യുകെ), തിലക് വർമ്മ, നെഹാൽ വധേര, വിഷ്‌ണു വിനോദ് (ഡബ്ല്യുകെ), ശിവാലിക് ശർമ, അർജുൻ ടെണ്ടുൽക്കർ, ഷംസ് മുലാനി, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ഹാർദിക് പാണ്ഡ്യ (സി), നമൻ ധിർ, മുഹമ്മദ് നബി, അൻഷുൽ കംബോജ്, കുമാർ കാർത്തികേയ, പിയൂഷ് ചൗള, ശ്രേയസ് ഗോപാൽ, ജസ്പ്രീത് ബുംറ, ആകാശ് മധ്വാൾ, ജേസൺ ബെഹ്‌റൻഡോർഫ്, ജെറാൾഡ് കോറ്റ്‌സി, ദിൽഷൻ മധുശങ്ക, നുവാൻ തുഷാര.

ABOUT THE AUTHOR

...view details