മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ കോച്ചായി പ്രഖ്യാപിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. എക്‌സിലെ ഒരു പോസ്‌റ്റിലൂടെയാണ് ഷാ ഗംഭീറിന്‍റെ പുതിയ റോളിലെ വരവറിയിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ എവേ പരമ്പരയാണ് ഗൗതമിന്‍റെ നേതൃത്വത്തിന്‍ ആദ്യം നടക്കുക.
"ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിനെ സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ട്. ഇന്നത്തെ ക്രിക്കറ്റിന് വലിയ വികാസമാണ് സംഭവിച്ചിരിക്കുന്നത്. ആ മാറ്റം അടുത്തുനിന്ന് കണ്ടറിഞ്ഞയാളാണ് ഗൗതം. തന്‍റെ കരിയറിൽ വ്യത്യസ്‌ത റോളുകളിൽ എന്നും മികവ് പുലർത്തിയ താരമാണ് ഗൗതം. അതുകൊണ്ട് തന്നെ ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാൻ അനുയോജ്യനായ വ്യക്തിയാണ് ഗൗതം എന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പുതിയ യാത്രയ്‌ക്ക് പൂർണ പിന്തുണയേകുന്നു" എന്നാണ് ഷാ എക്‌സില്‍ എഴുതിയത്.
ദേശീയ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതി (സിഎസി) നടത്തിയ അഭിമുഖത്തില്‍ നേരത്തെ ഗംഭീര്‍ പങ്കെടുത്തിരുന്നു. അശോക് മൽഹോത്ര, ജതിൻ പരഞ്ജ്‌പെ, സുലക്ഷണ നായിക് എന്നിവരായിരുന്നു അഭിമുഖം നടത്തിയത്. അന്ന് എല്ലാവരും ഒരുപോലെ ഗൗതത്തോടുളള താത്പര്യം രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു.
2007-ല്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്‍റെയും 2011-ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്‍റെയും ഭാഗമായിരുന്നു ഗംഭീർ. 58 ടെസ്റ്റും 147 ഏകദിനങ്ങളും 37 ടി20 യും കളിച്ച താരം യഥാക്രമം 4154, 5238, 932 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ (കെകെആർ) മെൻ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രേയസ് അയ്യർ ക്യാപ്‌റ്റനായ ടീം ഈ വര്‍ഷത്തെ ഐപിഎൽ നേടുകയും ചെയ്‌തിരുന്നു. കളിക്കുന്ന കാലത്ത് കെകെആറിനെ രണ്ട് ഐപിഎൽ കിരീടങ്ങളിലേക്കും ഗംഭീര്‍ നയിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും ഗംഭീർ നയിച്ചിട്ടുണ്ട്.
Also Read:ബിസിസിഐയുടെ 125 കോടി സമ്മാനത്തുക, കളിക്കാത്ത സഞ്ജുവിനും ലോട്ടറി; തുക വീതിയ്‌ക്കുന്നത് ഇങ്ങനെ