കേരളം

kerala

ETV Bharat / sports

ഇന്ത്യന്‍ ടീമില്‍ രോഹിത്തിന്‍റെയും കോലിയുടേയും ഭാവിയെന്ത്?; പ്രതികരിച്ച് ഗൗതം ഗംഭീര്‍ - Virat Kohli Rohit Sharma Future

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വിരാട് കോലിയുടെയും രോഹിത് ശര്‍മ്മയുടെയും ഭാവിയെ കുറിച്ച് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീര്‍.

GAMBHIR ON VIRAT KOHLI  GAMBHIR ON ROHIT SHARMA  വിരാട് കോലി  രോഹിത് ശര്‍മ
Virat Kohli And Rohit Sharma (IANS)

By ETV Bharat Kerala Team

Published : Jul 22, 2024, 6:12 PM IST

മുംബൈ: ഗൗതം ഗംഭീര്‍ പരിശീലകനായി എത്തുന്നതോടെ എന്താകും ടീമിലെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ഭാവി എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ടീമിന്‍റെ പരിശീലകനായി സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയിരിക്കുകയാണ് ഗംഭീര്‍. ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായി ചീഫ് സെലക്‌ടര്‍ അജിത് അഗാര്‍ക്കറിനൊപ്പം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ഗംഭീറിന്‍റെ പ്രതികരണം.

ടി20യില്‍ നിന്നും വിരമിച്ച രോഹിത് ശര്‍മയും വിരാട് കോലിയും ഇനിയെത്രകാലം ലിമിറ്റഡ് ഓവറില്‍ ഇന്ത്യയ്‌ക്കായി കളിക്കുമെന്നതായിരുന്നു ആരാധകര്‍ക്കുണ്ടായിരുന്ന പ്രധാന സംശയം. ചാമ്പ്യൻസ് ട്രോഫിയിലും രോഹിത് ശര്‍മയ്‌ക്ക് കീഴിലാകും ഇന്ത്യ കളിക്കുക എന്ന് ബിസിസിഐ പ്രസിഡന്‍റ്‌ ജയ്‌ ഷാ നേരത്തെ വ്യക്തമാക്കിയതാണ്. ഇതോടെ, ചാമ്പ്യൻസ് ട്രോഫിയ്‌ക്ക് പിന്നാലെ ഇരുവരും വിരമിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു.

എന്നാല്‍, ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ക്കും 2027 ഏകദിന ലോകകപ്പ് വരെ കളിക്കാൻ അവസരമുണ്ടെന്നാണ് പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്‍റെ അഭിപ്രായം. വരാനിരിക്കുന്ന നിര്‍ണായക മത്സരങ്ങളില്‍ എല്ലാം ഇരുവരും ടീമിനൊപ്പം ഉണ്ടാകുമെന്ന് ഗംഭീര്‍ വ്യക്തമാക്കുകയാണ് ഇപ്പോള്‍. ഗംഭീറിന്‍റെ വാക്കുകള്‍ ഇങ്ങനെ...

'ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്... അങ്ങനെ പ്രധാനപ്പെട്ട ടൂര്‍ണമെന്‍റുകളില്‍ തങ്ങള്‍ക്ക് എന്താണ് ചെയ്യാൻ സാധിക്കുക എന്ന കാര്യം അവര്‍ തന്നെ കാണിച്ചുതന്നിട്ടുണ്ട്. വിരാട് കോലിയിലും രോഹിത് ശര്‍മയിലും ഇനിയും ഏറെ ക്രിക്കറ്റ് അവശേഷിക്കുന്നുണ്ടെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്. ചാമ്പ്യൻസ് ട്രോഫിയും ഓസ്‌ട്രേലിയൻ പര്യടനവും വരാനിരിക്കുന്നു.

അത് അവരെ പ്രചോദിപ്പിക്കുന്ന കാര്യമാണ്. ഫിറ്റ്‌നസ് നിലനിര്‍ത്താൻ സാധിക്കുമെങ്കില്‍ 2027ലെ ലോകകപ്പിലും അവര്‍ക്ക് കളിക്കാം. ഇത് എന്‍റെ അഭിപ്രായം മാത്രമാണ്. അവരില്‍ എത്രത്തോളം ഗെയിം ശേഷിക്കുന്നുണ്ടെന്ന് എനിക്ക് പറയാൻ കഴിയില്ല.

ടീമിന്‍റെ ജയത്തിനായി എത്രത്തോളം സംഭാവന നല്‍കാൻ സാധിക്കുമെന്ന് തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണ്. ടീമാണ് എപ്പോഴും പ്രധാനം. കോലിയും രോഹിത്തും എപ്പോഴും ലോകോത്തര താരങ്ങളാണ്. സാധ്യമായ കാലമത്രയും ഇരുവരെയും ടീമിന് ആവശ്യമാണ്'- ഗംഭീര്‍ പറഞ്ഞു നിര്‍ത്തി.

Also Read:ഹാര്‍ദിക്കിന് പകരം എന്തുകൊണ്ട് സൂര്യകുമാര്‍..? കാരണം ഇതാണെന്ന് അജിത് അഗാര്‍ക്കര്‍

ABOUT THE AUTHOR

...view details