കേരളം

kerala

By ETV Bharat Kerala Team

Published : Mar 29, 2024, 6:20 PM IST

ETV Bharat / sports

'ഓരോ തവണയും ആര്‍സിബിയെ തോല്‍പ്പിക്കണം, ഒന്നും നേടിയിട്ടില്ലെങ്കിലും എല്ലാം നേടിയെന്നാണ് അവരുടെ വിചാരം'; ഗംഭീറിന്‍റെ പഴയ വീഡിയോ വൈറല്‍ - Gautam Gambhir against RCB

ഐപിഎല്ലില്‍ ബെംഗളൂരുവിനെതിരായ പോരാട്ടത്തിന് മുന്നോടിയായി കൊല്‍ക്കത്ത മെന്‍റര്‍ ഗൗതം ഗംഭീറിന്‍റെ പഴയ വീഡിയോ കുത്തിപ്പൊക്കി ബ്രോഡ്‌കാസ്റ്റര്‍മാര്‍.

RCB VS KKR  GAUTAM GAMBHIR  ROYAL CHALLENGERS BENGALURU  KOLKATA KNIGHT RIDERS
Gautam Gambhir On His Love To Defeat RCB Ahead Of IPL 2024 match

മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗലൂരുവിനെതിരെ പോരിനിറങ്ങാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌. ബെംഗളൂരുവിന്‍റെ തട്ടകമായ എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ഇതിന് മുന്നോടിയായി കൊല്‍ക്കത്ത മെന്‍റര്‍ ഗൗതം ഗംഭീറിന്‍റെ പഴയൊരു വീഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ് ബ്രോഡ്‌കാസ്റ്റര്‍മാര്‍.

ഓരോ തവണയും താന്‍ തോല്‍പ്പിക്കാന്‍ ഇഷ്‌ടപ്പെട്ട ഒരേയൊരു ടീം ആര്‍സിബിയാണെന്നാണ് കൊല്‍ക്കത്തയുടെ മുന്‍ നായകന്‍ കൂടിയായ ഗംഭീര്‍ പ്രസ്‌തുത വീഡിയോയില്‍ പറയുന്നത്. ഒന്നും നേടിയിട്ടില്ലെങ്കിലും എല്ലാം നേടിയ ടീമാണ് തങ്ങളെന്നാണ് അവരുടെ തോന്നല്‍. തനിക്കത് ഇഷ്‌ടമല്ലെന്നുമാണ് ഗംഭീറിന്‍റെ വാക്കുകള്‍.

"എല്ലാ തവണയും തോൽപ്പിക്കാൻ ഞാൻ ആഗ്രഹിച്ച ഒരു ടീം അതു ആര്‍സിബിയാണ്. ഒരു പക്ഷെ, എല്ലായെപ്പോഴും എന്‍റെ സ്വപ്‌നങ്ങളില്‍ അതാണുണ്ടായിരുന്നത്. ഐപിഎല്ലിലെ ഹൈ പ്രൊഫൈല്‍ ടീമുകളിലൊന്നാണ് അവര്‍. ക്രിസ് ഗെയ്ൽ, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് എന്നിങ്ങനെ മികച്ച താരങ്ങള്‍ അവര്‍ക്കുണ്ട്. സത്യം പറഞ്ഞാൽ അവര്‍ ഒന്നും തന്നെ നേടിയിട്ടില്ല.

എന്നാല്‍ അവരുടെ മനോഭാവം കണ്ടാല്‍ എല്ലാം നേടിയ ടീമാണെന്നാണ് തോന്നുക. എനിക്കത് ഇഷ്‌ടമല്ല. ഒരുപക്ഷേ കൊല്‍ക്കത്ത നേടിയ ഏറ്റവും മികച്ച മൂന്ന് വിജയങ്ങൾ ആർസിബിക്കെതിരെയായിരുന്നു. എന്‍റെ ക്രിക്കറ്റ് കരിയറിൽ ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യം കളത്തില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആര്‍സിബിയെ തോല്‍പ്പിക്കുക എന്നതാണ്" - ഗൗതം ഗംഭീര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് സീസണുകളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ മെന്‍ററായിരുന്ന ഗംഭീറിനെ പുതിയ സീസണിന് മുന്നോടിയായി ആയിരുന്നു കൊല്‍ക്കത്ത തങ്ങളുടെ തട്ടകത്തിലേക്ക് തിരികെ എത്തിച്ചത്. 2011 തൊട്ട് 2017 വരെയായിരുന്നു ഗംഭീര്‍ കൊല്‍ക്കത്തയെ നയിച്ചിരുന്നത്. ഇക്കാലയളവിലാണ് അക്കൗണ്ടിലുള്ള രണ്ട് കിരീടങ്ങളും കൊല്‍ക്കത്ത തൂക്കിയത്.

ഗംഭീര്‍ യുഗത്തിന് ശേഷം ഒരു തവണ മാത്രമാണ് കൊല്‍ക്കത്തയ്‌ക്ക് ഐപിഎല്‍ ഫൈനലിലേക്ക് എത്താന്‍ കഴിഞ്ഞത്. ഏഴ് വര്‍ഷത്തിന് ശേഷം താരം വീണ്ടും തിരികെ എത്തുമ്പോള്‍ ഇക്കുറി ഫ്രാഞ്ചൈസിയുടെ പ്രതീക്ഷ ഏറെയാണ്. അതേസമയം 17-ാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തങ്ങളുടെ മൂന്നാം മത്സരം കളിക്കുമ്പോള്‍ കൊല്‍ക്കത്തയ്‌ക്കിത് രണ്ടാമത്തെ കളിയാണ്.

ALSO READ: സഞ്‌ജുവിന്‍റെ ആ റെക്കോഡ് ഇനിയില്ല; തിരുത്തി എഴുതി റിയാന്‍ പരാഗ് - Riyan Parag T20 Record

ആദ്യ മത്സരത്തില്‍ ചെന്നൈയോട് തോല്‍വി വഴങ്ങിയ ആര്‍സിബി പഞ്ചാബ് കിങ്‌സിനെതിരെ വിജയിച്ചിരുന്നു. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത എത്തുന്നത്. തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യം വച്ച് ഇരു ടീമുകളും കളത്തിലേക്ക് എത്തുമ്പോള്‍ പോരുമുറുകുമെന്ന് പ്രതീക്ഷിക്കാം.

ABOUT THE AUTHOR

...view details