മുംബൈ :ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി ആരാകും എത്തുക എന്ന കാര്യത്തില്‍ സസ്‌പെൻസ് തുടരുകയാണ്. ഇക്കഴിഞ്ഞ മെയ് 27-നാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിച്ചത്. ആരെല്ലാം കോച്ച് ആകാൻ താത്പര്യം പ്രകടിപ്പിച്ചു എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ബിസിസിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
എന്നാല്‍, രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിയുന്നതോടെ ഗൗതം ഗംഭീര്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകനായേക്കും എന്ന തരത്തില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഗംഭീറിനെ നിയമിക്കാൻ ബിസിസിഐ തീരുമാനമെടുത്തു കഴിഞ്ഞുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. കൂടാതെ, ഇന്ത്യയുടെ കോച്ചായി ഗംഭീര്‍ സ്ഥാനം ഏറ്റെടുക്കുമെന്ന് ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ ഉടമ വെളിപ്പെടുത്തല്‍ നടത്തിയെന്ന വാര്‍ത്തകളും വ്യാപകമായി തന്നെ പ്രചരിക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ഇത്തരം റിപ്പോര്‍ട്ടുകളോട് ആദ്യമായി പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഗൗതം ഗംഭീര്‍. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകൻ ആകുന്നതിനേക്കാള്‍ വലിയ ബഹുമതി മറ്റൊന്നുമില്ലെന്നാണ് ഗൗതം ഗംഭീറിന്‍റെ അഭിപ്രായം. ഗംഭീറിന്‍റെ വാക്കുകള്‍ ഇങ്ങനെ...
'ഇന്ത്യൻ ടീമിന്‍റെ പരിശീലകനാകാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ദേശീയ ടീമിന്‍റെ പരിശീലകനാകുന്നതിലൂടെ ലഭിക്കുന്നതിനേക്കാള്‍ വലിയൊരു ബഹുമതി വേറെ കിട്ടാനുണ്ടാകില്ല. ഈ റോളിലേക്ക് എത്തുമ്പോള്‍ നിങ്ങള്‍ പ്രതിനിധീകരിക്കുന്നത് 140 കോടി ഇന്ത്യക്കാരെയാണ്'- ഗംഭീര്‍ അഭിപ്രായപ്പെട്ടു.