പാരീസ്:യുവേഫ നാഷന്‍സ് ലീഗില്‍ നവംബര്‍ 14ന് ഫ്രാന്‍സ് ഇസ്രായേലിനെ നേരിടും. പാരീസില്‍ നടക്കുന്ന മത്സരത്തിന്‍റെ ഭാഗമായി സ്റ്റേഡിയത്തിലും പരിസരത്തും പൊതുഗതാഗതത്തിലും കര്‍ശന സുരക്ഷയൊരുക്കും. ആംസ്റ്റർഡാമിൽ ഇസ്രായേൽ ആരാധകരും ഫലസ്ഥീന്‍ അനുകൂലികള്‍ തമ്മിലും നടന്ന ആക്രമണത്തെ തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിച്ചത്. 4000 പോലീസ് ഉദ്യോഗസ്ഥരേയും 1600 സ്റ്റേഡിയം ജീവനക്കാരെയും വിന്യസിക്കുമെന്ന് പാരീസ് പോലീസ് അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും മത്സരം കാണാനെത്തുമെന്ന് എലിസി പ്രസിഡൻഷ്യൽ കൊട്ടാരം അറിയിച്ചു.
അതേസമയം പാരീസില്‍ നടക്കുന്ന മത്സരം കാണുന്നതില്‍ നിന്ന് തങ്ങളുടെ പൗരന്മാരോട് വിട്ടുനില്‍ക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേല്‍ ദേശീയ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നല്‍കി. ഫ്രഞ്ച് തലസ്ഥാനത്തിന് വടക്കുള്ള സ്റ്റേഡ് ഡി ഫ്രാൻസ് സ്റ്റേഡിയത്തിന് ചുറ്റും 2,500 പോലീസ് ഉദ്യോഗസ്ഥരെയും പാരീസിലും പൊതുഗതാഗതത്തിലും മറ്റ് 1,500 പേരെയും വിന്യസിക്കുമെന്ന് പോലീസ് മേധാവി ലോറന്‍റ് ന്യൂനെസ് പറഞ്ഞു.സ്‌റ്റേഡിയത്തിന് ചുറ്റും കരസന സുരക്ഷാ പരിശോധനകൾ ശക്തമാക്കും- അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലുമായുള്ള മത്സരം മാറ്റണമെന്ന് സമൂഹമാധ്യമങ്ങളിലടക്കം എതിര്‍പ്പ് വന്നപ്പോള്‍ മത്സരം ആസൂത്രണം ചെയ്‌തതു പോലെ തന്നെ നടക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയ്‌ലോ പറഞ്ഞു. "ഫ്രാൻസ്-ഇസ്രായേൽ മത്സരം മാറ്റണമെന്ന് ചിലർ ആവശ്യപ്പെട്ടു. ഞാനിത് അംഗീകരിക്കുന്നില്ല, ഫ്രാൻസ് പിന്മാറില്ല, ഇത് അക്രമത്തിനും യഹൂദ വിരുദ്ധതയ്ക്കും കീഴടങ്ങുന്നതിന് തുല്യമാണെന്ന് മന്ത്രി വ്യക്തമാക്കി.