കേരളം

kerala

ETV Bharat / sports

'ഇത് വല്ലാത്തൊരു നാണക്കേട്...'; യുഎസിനെതിരായ തോല്‍വിയില്‍ ബാബറിനും കൂട്ടര്‍ക്കും വിമര്‍ശനം - Former Players Criticized Pakistan Team

ടി20 ലോകകപ്പില്‍ യുഎസിനോട് തോറ്റതിന് പിന്നാലെ പാകിസ്ഥാൻ ടീമിനെതിരെ വിമര്‍ശനവുമായി മുൻ താരങ്ങള്‍.

T20 WORLD CUP 2024  USA VS PAKISTAN  KAMRAN AKMAL AGAINST PAKISTAN TEAM  പാകിസ്ഥാൻ ക്രിക്കറ്റ് ടീം
PAKISTAN TEAM (AP Photos)

By ETV Bharat Kerala Team

Published : Jun 7, 2024, 1:32 PM IST

ഡാളസ് :ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അമേരിക്കയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന് പിന്നാലെ ബാബര്‍ അസമിനും സംഘത്തിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പാകിസ്ഥാന്‍റെ മുൻ താരങ്ങള്‍. ഇതിലും വലിയ നാണക്കേട് ഇനിയുണ്ടാകാനില്ലെന്നും പാകിസ്ഥാന്‍റെ തോല്‍വി നിരാശജനകമാണെന്നുമാണ് താരങ്ങളുടെ അഭിപ്രായം. പാകിസ്ഥാനെ പൊരിക്കുന്നതിനൊപ്പം യുഎസ്‌എയുടെ പ്രകടനങ്ങളെയും താരങ്ങള്‍ അഭിനന്ദിക്കുന്നുണ്ട്.

ഡാളസിലെ ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് യുഎസ് മുൻ ടി20 ലോക ചാമ്പ്യന്മാരും കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളുമായ പാകിസ്ഥാനെ കീഴടക്കിയത്. മത്സരത്തില്‍ ടോസ് നേടിയ യുഎസ് ആദ്യം പാക് നിരയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നോസ്‌തുഷ് കെൻജിഗെ, സൗരഭ് നേത്രവാള്‍ക്കര്‍ എന്നിവരുടെ ബൗളിങ് മികവില്‍ പാകിസ്ഥാനെ 159 റണ്‍സില്‍ എറിഞ്ഞൊതുക്കാൻ യുഎസിന് സാധിച്ചു. ബാബര്‍ അസം, ഷദാബ് ഖാൻ എന്നിവരുടെ ബാറ്റിങ് മികവായിരുന്നു മത്സരത്തില്‍ പാകിസ്ഥാനെ വലിയ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

മറുപടി ബാറ്റിങ്ങില്‍ യുഎസിന്‍റെ മൂന്ന് വിക്കറ്റ് മാത്രമാണ് പാകിസ്ഥാൻ ബൗളര്‍മാര്‍ നേടിയത്. ക്യാപ്‌റ്റൻ മൊണാങ്ക് പട്ടേലിന്‍റെയും (38 പന്തില്‍ 50) 26 പന്തില്‍ 36 റണ്‍സ് നേടി പുറത്താകാതെ നിന്ന ആരോണ്‍ ജോണ്‍സ്, 35 റണ്‍സ് നേടിയ ആന്‍ഡ്രിസ് ഗൂസ് എന്നി വരുടെയും ബാറ്റിങ് മികവിലായിരുന്നു പാക് സ്കോറിനൊപ്പം യുഎസ് എത്തിയത്. ഒരു ഘട്ടത്തില്‍ യുഎസ് അനായാസം ജയത്തിലേക്ക് എത്തുമെന്ന് തോന്നിപ്പിച്ച മത്സരം ടൈറ്റാക്കിയത് മുഹമ്മദ് ആമിര്‍, നസീം ഷാ, ഷഹീൻ അഫ്രീദി എന്നിവരുടെ ബൗളിങ്ങായിരുന്നു.

സൂപ്പര്‍ ഓവറില്‍ മുഹമ്മദ് ആമിര്‍ 18 റണ്‍സാണ് വിട്ടുകൊടുത്തത്. ഇത് പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 13 റണ്‍സേ നേടാൻ സാധിച്ചുള്ളു. ഇതോടെയാണ് മുൻ താരങ്ങളും പാകിസ്ഥാൻ ടീമിനെതിരെ രംഗത്തെത്തിയത്.

സൂപ്പര്‍ ഓവറില്‍ യുഎസിനോട് വഴങ്ങിയ തോല്‍വി പാക് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടാണെന്ന് മുൻ താരം കമ്രാൻ അക്‌മല്‍ പറഞ്ഞു. ഇതിനേക്കാള്‍ വലിയ നാണക്കേട് ഇനിയുണ്ടാകാനില്ല, മികച്ച പ്രകടനമാണ് അമേരിക്ക കാഴ്‌ചവച്ചത്. തുടക്കക്കാരെന്ന് തോന്നിപ്പിക്കാത്ത രീതിയിലായിരുന്നു അവരുടെ പ്രകടനം. റാങ്കിങ്ങില്‍ പാകിസ്ഥാനേക്കാള്‍ മുന്നില്‍ യുഎസ് ആണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വളരെ പക്വതയോടെയാണ് അവര്‍ കളിച്ചതെന്നും കമ്രാൻ അക്‌മല്‍ പറഞ്ഞു.

1999ലെ ലോകകപ്പില്‍ ബംഗ്ലാദേശിനോട് തോറ്റതിന് സമാനമാണ് യുഎസിനെതിരായ മത്സരത്തിലെ പാകിസ്ഥാന്‍റെ തോല്‍വിയെന്ന് മുൻ പേസര്‍ ഷൊയ്‌ബ് അക്തര്‍ വ്യക്തമാക്കി. യുഎസിനെതിരായ മത്സരത്തില്‍ പാകിസ്ഥാൻ ജയം അര്‍ഹിച്ചിരുന്നില്ല. കാരണം, അവര്‍ മികച്ച പ്രകടനമായിരുന്നു മത്സരത്തില്‍ ഉടനീളം കാഴ്‌ചവച്ചത്. പാകിസ്ഥാന്‍റ ഈ തോല്‍വി തീര്‍ത്തും നിരാശാജനകമാണെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുഎസിനോട് പരാജയപ്പെട്ടതോടെ ഇത്തവണ സൂപ്പര്‍ എട്ടില്‍ കടക്കണമെങ്കില്‍ ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം ജയിക്കേണ്ട അവസ്ഥയിലാണ് പാകിസ്ഥാൻ. ജൂണ്‍ 9ന് ഇന്ത്യയ്‌ക്കെതിരെയാണ് പാകിസ്ഥാന്‍റെ അടുത്ത മത്സരം. അതിന് ശേഷം കാനഡ, അയര്‍ലന്‍ഡ് ടീമുകളെയാണ് ബാബറിനും കൂട്ടര്‍ക്കും നേരിടാനുള്ളത്.

Also Read :'ഉത്തരവാദിത്തത്തോടെ ആരും കളിച്ചില്ല'; യുഎസിനോട് തോറ്റതില്‍ സഹതാരങ്ങള്‍ക്കെതിരെ ബാബര്‍ അസം - Babar Azam Blames Pakistan Players

ABOUT THE AUTHOR

...view details