ന്യൂയോര്‍ക്ക്: ലയണല്‍ മെസിയുടെ ഇന്‍റര്‍ മിയാമിയുടെ പരിശീലകനാകാന്‍ മുന്‍ പ്രതിരോധ താരവും അര്‍ജന്‍റീന അണ്ടര്‍ 20 ടീം പരിശീലകനുമായ ഹാവിയര്‍ മഷറാനോ എത്തുന്നു. വ്യക്തിഗത കാരണങ്ങളാൽ ഒന്നര വർഷത്തിന് ശേഷം ക്ലബ്ബിൽ നിന്ന് പുറത്തുപോകുന്ന അര്‍ജന്‍റീനക്കാരനായ മുന്‍ പരിശീലകന്‍ ജെറാര്‍ഡോ മാര്‍ട്ടിനോയുടെ പകരക്കാരനായാണ് താരം വരുന്നത്. പരിശീലകനും ടീമും തമ്മില്‍ 2028 വരേ കരാര്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
അര്‍ജന്‍റീനയിലും ബാഴ്‌സലോണയിലും മെസിയും മഷറാനോയും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ബാഴ്‌സയില്‍ എട്ട് സീസണുകളിലാണ് ഇരുവരും ഒന്നിച്ചത്. ഇനി ഇന്‍റര്‍മിയാമിയിലെ മെസിയുടെ കളി മഷറാനോ നിര്‍ണയിക്കും. ഒപ്പം മുന്‍ ബാഴ്‌സലോണ താരങ്ങളായ സുവാരസ്, ബുസ്‌കറ്റ്‌സ് എന്നിവരും മഷറാനോക്കൊപ്പം വീണ്ടും ഒന്നിക്കും. താരം 2004, 2008 ഒളിമ്പിക്‌സുകളിൽ സ്വർണം നേടിയ അർജന്‍റീന ടീമിലെ മുന്നണിപ്പോരാളിയായിരുന്നു മഷറാനോ.