സൂറിച്ച്: എലൈറ്റ് ലെവല്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായി അന്താരാഷ്‌ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് (International Football Association Board - IFAB) മുന്നോട്ടുവച്ച നീല കാര്‍ഡ് ആശയത്തെ എതിര്‍ത്ത് ഫിഫ (FIFA). ഇത്തരത്തിലൊരു വിഷയം ഫിഫയ്‌ക്ക് മുന്നില്‍ ഇല്ലെന്ന് പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ (Gianni Infantino). പൊതുജനങ്ങള്‍ക്ക് ഇടയില്‍ ചര്‍ച്ചയാവുന്നതിന് മുമ്പ് ഇത്തരത്തില്‍ ഒരു ആശയത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ജിയാനി ഇന്‍ഫാന്‍റിനോ പറഞ്ഞു.
പുതിയ ആശയങ്ങളും നിർദേശങ്ങളും സ്വീകരിക്കാന്‍ തയ്യാണ്. എന്നാല്‍ ഫുട്‌ബോളിന്‍റെ സത്തയും പാരമ്പര്യവും സംരക്ഷിക്കാനാണ് ഫിഫ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. "എലൈറ്റ് ലെവലില്‍ നീല കാർഡുകള്‍ ഉപയോഗിക്കില്ല. ഇത് ഞങ്ങൾക്ക് മുന്നിലില്ലാത്ത ഒരു വിഷയമാണ്. നീല കാർഡുകളെ ഫിഫ പൂർണ്ണമായും എതിർക്കുന്നു.
ഫിഫയുടെ പ്രസിഡന്‍റ് എന്ന നിലയിൽ ഈ വിഷയത്തെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. അന്താരാഷ്‌ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡില്‍ ഫിഫയ്ക്ക് ഒരു അഭിപ്രായമുണ്ടെന്ന് ഞാൻ കരുതുന്നു. ഒരു തലക്കെട്ട് വേണമെങ്കില്‍ അതു ഇങ്ങനെ ആവട്ടെ, 'നീല കാർഡിന് ചുവപ്പ് കാർഡ്' ലഭിച്ചു. പുതിയ ആശയങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാന്‍ ഫിഫ തയ്യാറാണ്. എന്നാൽ ഫുട്‌ബോളിന്‍റെ സത്തയും പാരമ്പര്യവും സംരക്ഷിക്കേണ്ടതുണ്ട്. നീല കാര്‍ഡ് എന്ന ആശയത്തെ ഫിഫ പിന്തുണയ്‌ക്കുന്നില്ല" ജിയാനി ഇന്‍ഫാന്റിനോ വ്യക്തമാക്കി.