ന്യൂഡൽഹി:ഓസ്‌ട്രേലിയയിൽ ബിഗ് ബാഷ് ലീഗിലെ അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേഴ്‌സും ബ്രിസ്‌ബേൻ ഹീറ്റും തമ്മിലെ മത്സരത്തില്‍ പിറന്നത് അപൂർവ്വ നിമിഷം. സ്‌ട്രൈക്കേഴ്‌സിന്‍റെ ഫാസ്റ്റ് ബൗളർ ലിയാം ഹാസ്‌കറ്റെറിഞ്ഞ പന്തിൽ ബാറ്റര്‍ അടിച്ച സിക്‌സ് ഗ്യാലറിയിൽ ക്യാച്ചെടുത്തത് താരത്തിന്‍റെ പിതാവ്. ഹാസ്‌കറ്റിന്‍റെ അരങ്ങേറ്റ മത്സരമായിരുന്നു.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
താരം മൂന്ന് ഓവർ എറിഞ്ഞ് 14.33 എന്ന എക്കോണമിയിൽ 43 റൺസ് നൽകി രണ്ട് വിക്കറ്റും വീഴ്ത്തി. കൂടാതെ താരത്തിന്‍റെ പന്തില്‍ ബ്രിസ്‌ബേൻ ബാറ്റര്‍ നാല് സിക്‌സറുകൾ പറത്തി. ഈ സിക്‌സുകളിലൊന്ന് യുവ ബാറ്റര്‍ നഥാൻ മക്‌സ്വീനിയാണ് അടിച്ചത്. ഹാസ്‌കറ്റിന്‍റെ പന്തിൽ നഥാൻ മക്‌സ്വീനി ലെഗ് സൈഡിൽ തട്ടിയത് അനായാസം സിക്‌സറായി. എന്നാൽ ഗ്യാലറിയിൽ താരത്തിന്‍റെ പിതാവ് പന്ത് പിടിക്കുകയായിരുന്നു.
ഓസ്ട്രേലിയൻ മുൻ താരം ആദം ഗിൽക്രിസ്റ്റ് കമന്‍ററി ബോക്സിൽ ഇക്കാര്യം വ്യക്തമാക്കിയപ്പോഴാണ് രസകരമായ സംഭവം കാണികള്‍ അറിയുന്നത്. അതേസമയം ലിയാം ഹാസ്‌കെറ്റിന്‍റെ അമ്മയും ഗാലറിയില്‍ കൂടെ ഉണ്ടായിരുന്നു, എന്നാല്‍ പിതാവ് ക്യാച്ചെടുത്തത് അമ്മയ്‌ക്ക് ഇഷ്‌ടപ്പെട്ടില്ലായെന്ന് വീഡിയോയില്‍ കാണാവുന്നതാണ്.
മത്സരത്തിൽ അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേഴ്‌സ് 56 റൺസിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്‌ത സ്‌ട്രൈക്കേഴ്‌സ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 251 റൺസിന്‍റെ കൂറ്റൻ സ്‌കോറാണ് നേടിയത്. ലീഗിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോറാണിത്.
ക്യാപ്റ്റൻ മാത്യു ഷോർട്ട് 54 പന്തിൽ 10 ബൗണ്ടറിയും 7 സിക്‌സും ഉൾപ്പെടെ 109 റൺസ് നേടി. മറുപടി ബാറ്റിങ്ങില്‍ ബ്രിസ്ബെയ്ൻ ഹീറ്റ് 20 ഓവറിൽ 195 റൺസിന് എല്ലാവരും പുറത്തായി.
Also Read:ചാമ്പ്യൻസ് ട്രോഫിക്കു മുൻപേ തിരിച്ചടി; ബുംറയ്‌ക്ക് കളിക്കാനാകില്ലെന്ന് റിപ്പോർട്ട് - CHAMPIONS TROPHY 2025