ലണ്ടന്‍: മാഞ്ചസ്റ്റർ സിറ്റിയുമായി പുതിയ കരാറില്‍ ഒപ്പുവച്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലന്‍ഡ്. 24 -കാരനുമായി 9.5 വർഷത്തെ പുതിയ കരാറാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ സിറ്റി അറിയിച്ചു. ഇതോടെ 2034 വരെ നോര്‍വീജിയന്‍ താരം എത്തിഹാദിൽ തുടരും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ കരാറാണിത്. ചെല്‍സി കോൾ പാമറുമായുണ്ടാക്കിയ 9 വര്‍ഷത്തെ കരാറാണ് പഴങ്കഥയായത്. സിറ്റിയും ഹാലന്‍ഡും തമ്മിലുള്ള നിലവിലെ കരാർ 2027 ജൂണിലായിരുന്നു അവസാനിക്കേണ്ടിയിരുന്നത്.
2022-ൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് സിറ്റിയിൽ ചേർന്ന ഹാലന്‍ഡ് ക്ലബ്ബിനായി 126 മത്സരങ്ങളിൽ നിന്ന് 111 ഗോളുകൾ നേടിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഴ്‌ച്ചയില്‍ 500,000 ബ്രിട്ടണ്‍ പൗണ്ടാണ് പുതിയ കരാര്‍ പ്രകാരം ഹാലന്‍ഡിന് ലഭിക്കുക. ഇന്ത്യന്‍ രൂപ ഏകദേശം 5.28 കോടിയോളം വരുമിത്.
ALSO READ: നിലയുറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്; മോണ്ടിനെഗ്രോ താരം ദുഷാൻ ലഗാതോറുമായി കരാർ ഒപ്പിട്ടു
പുതിയ കരാറിൽ ഒപ്പുവച്ചതിലും ഈ മികച്ച ക്ലബ്ബിൽ കൂടുതൽ സമയം ചെലവഴിക്കാൻ കഴിയുന്നതിലും താന്‍ ശരിക്കും സന്തോഷിക്കുന്നതായി എര്‍ലിങ് ഹാലന്‍ഡ് പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി ഒരു സ്‌പെഷ്യല്‍ ക്ലബാണ്. ആരാധകരും ക്ലബിലെ ആളുകളും അതിശയകരമാണ്. മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിക്കുന്ന അന്തരീക്ഷമാണിതെന്നും ഹാലന്‍ഡ് കൂട്ടിച്ചേര്‍ത്തു.