ബെര്‍ലിൻ: സ്വിറ്റ്‌സര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്‌ത്തി ഇംഗ്ലണ്ട് യൂറോ കപ്പിന്‍റെ സെമിയില്‍. ഷൂട്ടൗട്ടില്‍ 5-3 എന്ന സ്കോറിനാണ് ഇംഗ്ലീഷ് പടയുടെ ജയം. സ്വിറ്റ്സര്‍ലന്‍ഡിനായി ആദ്യ കിക്കെടുത്ത മൈക്കല്‍ അകാൻജിയ്‌ക്ക് പിഴച്ചെപ്പോള്‍ ഇംഗ്ലണ്ടിനായി എല്ലാവരും ലക്ഷ്യം കാണുകയായിരുന്നു.
നിശ്ചിത സമയത്തും അധിക സമയത്തും ഓരോ ഗോളുകളാണ് ഇരു ടീമും നേടിയത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിലായിരുന്നു ഗോളുകളുടെ പിറവി. 75-ാം മിനിറ്റില്‍ ബ്രീല്‍ എംബോളോയിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡാണ് ആദ്യം മുന്നിലെത്തിയത്. 80-ാം മിനിറ്റില്‍ ബുക്കായോ സാക്കയാണ് ഇംഗ്ലണ്ടിനെ സ്വിസ്സ് പടയ്‌ക്കൊപ്പമെത്തിച്ചത്.
ആക്രമണശൈലിയിലായിരുന്നു മത്സരത്തിന്‍റെ തുടക്കം മുതല്‍ ഇരു ടീമും പന്ത് തട്ടിയത്. വിങ്ങുകളിലൂടെ ഫോഡനും സാക്കയും സ്വിസ് പ്രതിരോധത്തിന് തലവേദന സൃഷ്‌ടിച്ചു. പന്ത് കൂടുതലും കൈവശം വച്ചായിരുന്നു ഇംഗ്ലണ്ട് കളിച്ചത്.
കിട്ടിയ അവസരങ്ങളില്‍ ഇംഗ്ലണ്ട് പോസ്റ്റിലേക്ക് ഷോട്ടുതിര്‍ക്കാൻ സ്വിറ്റ്‌സര്‍ലന്‍ഡും ശ്രമിച്ചു. രണ്ടാം പകുതിയില്‍ ഇരു ടീമും പന്ത് കൈവശം വച്ച് കളിക്കാൻ ശ്രമിച്ചു. ലഭിച്ച അവസരങ്ങളില്‍ ആക്രമണവും നടത്തി.
മത്സരത്തിന്‍റെ 75-ാം മിനിറ്റിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ഇംഗ്ലണ്ടിനെ ഞെട്ടിക്കുന്നത്. ബോക്‌സിന് അടുത്ത് മൈതാനത്തിന്‍റെ വലതുവശത്ത് നിന്നും ഡാന്‍ എന്‍ഡോയെ നല്‍കിയ ക്രോസ് സ്വീകരിച്ചായിരുന്നു എംബോളോ സ്കോര്‍ ചെയ്‌തത്. ഗോള്‍ വീണതോടെ ഇംഗ്ലണ്ടും ഉണര്‍ന്ന് കളിച്ചു.
80-ാം മിനിറ്റില്‍ തന്നെ സമനില ഗോള്‍ കണ്ടെത്താനും അവര്‍ക്കായി. വലതുവിങ്ങിലൂടെ പന്തുമായി മുന്നേറി ബോക്‌സിന് പുറത്ത് നിന്നും പായിച്ച ഷോട്ട് സാക്ക സ്വിറ്റ്‌സര്‍ലന്‍ഡിന്‍റെ വലയിലാക്കുകയായിരുന്നു. അവസാന മിനിറ്റുകളില്‍ വിജയഗോളിന് വേണ്ടി ഇരുടീമും പൊരുതിയെങ്കിലും ലക്ഷ്യത്തിലേക്ക് എത്താൻ ആര്‍ക്കുമായില്ല. അധികസമയത്തും ഗോള്‍ പിറക്കാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
Also Read :'കാല്‍പ്പന്ത് കളിയോട് വിടപറയാൻ വയ്യ, കളി മൈതാനം വിട്ടാലും അഞ്ജിതയുണ്ടാകും…'; ഇന്ത്യയിലെ ആദ്യ വനിത ഫുട്ബോൾ വീഡിയോ അനലിസ്റ്റായി മലയാളി - FOOTBALL VIDEO ANALYST ANJITHA