ഹൈദരാബാദ്:ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലും ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെഎസ് ഭരത് തുടരുമോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്ന്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയ താരത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നതും. ഈ സാഹചര്യത്തില്‍ രാജ്‌കോട്ടില്‍ നടക്കുന്ന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ധ്രുവ് ജുറെലിന് ടീം മാനേജ്‌മെന്‍റ് ടെസ്റ്റ് ടീമില്‍ അവസരം നല്‍കുമോ എന്നറിയുന്നതിനുള്ള കാത്തിരിപ്പിലാണ് ആരാധകരും.
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വിക്കറ്റിന് പിന്നില്‍ സ്ഥിരമായി ഗ്ലൗസ് അണിഞ്ഞിരുന്ന റിഷഭ് പന്തിന് കാര്‍ അപകടത്തില്‍ പരിക്കേറ്റതോടെയാണ് കെഎസ് ഭരത് ടീമിന്‍റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പിങ് ചോയിസായി മാറിയത്. ടെസ്റ്റ് ടീമില്‍ മധ്യനിരയില്‍ ആക്രമണോത്സുക ബാറ്റിങ് പ്രകടനം പുറത്തെടുക്കാറുള്ള പന്തിന് പകരം ടീമിലേക്ക് എത്തിയ ഭരതിന് ഒരു സാഹചര്യത്തില്‍ പോലും അത്തരത്തിലൊരു ഇന്നിങ്‌സ് കാഴ്‌ചവയ്‌ക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് വസ്‌തുത. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏഴ് ടെസ്റ്റ് മത്സരങ്ങളിലെ 12 ഇന്നിങ്‌സില്‍ ബാറ്റ് ചെയ്‌തിട്ടും ഒരിക്കല്‍ പോലും അര്‍ധസെഞ്ച്വറിയിലേക്ക് തന്‍റെ ഇന്നിങ്‌സിനെ എത്തിക്കാന്‍ ഭരതിന് സാധിച്ചിട്ടില്ല.
ഏഴ് മത്സരത്തില്‍ നിന്നും 20.09 ശരാശരിയില്‍ 221 റണ്‍സാണ് താരം രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കായി സ്കോര്‍ ചെയ്‌തത്. രണ്ട് ഇന്നിങ്‌സുകളിലെ 40+ പ്രകടനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഒരിക്കല്‍പോലും ബാറ്റുകൊണ്ട് ടീമിന് വേണ്ട സംഭാവന നല്‍കാന്‍ ഭരതിന് സാധിച്ചിട്ടില്ല. ഈ കണക്കുകള്‍ തന്നെയാണ് ആരാധകരെയും ചൊടിപ്പിക്കുന്നത്.
പ്ലേയിങ് ഇലവനിലേക്ക് ധ്രുവ് ജുറെല്‍ ?:മോശം ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎസ് ഭരതിനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ നിന്നും ഒഴിവാക്കണമെന്ന ആരാധകരുടെ മുറവിളി ശക്തമാണ്. 23-കാരനായ ധ്രുവ് ജുറെലാണ് ആദ്യ രണ്ട് മത്സരങ്ങളില്‍ സ്ക്വാഡില്‍ ഉണ്ടായിരുന്നത്. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലും ജുറെല്‍ സ്ക്വാഡില്‍ ഇടം നിലനിര്‍ത്തുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.