ജയ്‌പൂര്‍ :ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ (India vs England) രോഹിത് ശര്‍മയ്‌ക്ക് (Rohit Sharma) കീഴില്‍ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തിയ താരമാണ് ധ്രുവ് ജുറെല്‍ (Dhruv Jurel). ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (Indian Premier League) മലയാളി താരം സഞ്‌ജു സാംസണ്‍ (Sanju Samson) നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനായും (Rajasthan Royals) ആഭ്യന്തര ക്രിക്കറ്റിലും പുലര്‍ത്തിയ മികവാണ് 23-കാരനായ ജുറെലിന് ഇന്ത്യന്‍ ടീമിലേക്ക് വഴിയൊരുക്കിയത്. നിലവില്‍ ഐപിഎല്ലിന്‍റെ 17-ാം പതിപ്പില്‍ രാജസ്ഥാന്‍ റോയല്‍സിനായി തിളങ്ങുന്നതിനായുള്ള തയ്യാറെടുപ്പിലാണ് ജുറെല്‍.
ഇതിനിടെ സഞ്‌ജു സാംസണിനേയും രോഹിത് ശര്‍മയേയും താരതമ്യപ്പെടുത്തിയിരിക്കുകയാണ് 23-കാരന്‍. സഞ്‌ജുവിന്‍റേയും രോഹിത്തിന്‍റേയും വ്യക്തിത്വം ഒരുപോലെയാണെന്നാണ് യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പറയുന്നത്. ഒരു ദേശീയ മാധ്യമത്തോട് ഇതുസംബന്ധിച്ച ജുറെലിന്‍റെ വാക്കുകള്‍ ഇങ്ങനെ.
"സഞ്ജു സാംസണിന് കീഴിൽ മൂന്ന് വർഷമായി ഞാൻ കളിക്കുന്നുണ്ട്. അദ്ദേഹം എപ്പോഴും ഏറെ ശാന്തനാണ്. സഞ്ജുവിന്‍റേത് രോഹിത് ശർമയുടേത് പോലുള്ള വ്യക്തിത്വമാണ്. തന്ത്രങ്ങളെക്കുറിച്ചാണ് എപ്പോഴും സംസാരിക്കുക.
അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ കളിക്കുമ്പോള്‍ ഒരു സുരക്ഷിതത്വം അനുഭവപ്പെടും. രാജസ്ഥാനൊപ്പമുള്ള ആദ്യ വര്‍ഷത്തില്‍ എന്‍റെ സ്ഥാനം ബെഞ്ചിലായിരുന്നു. എന്നാല്‍ അദ്ദേഹം ഒരിക്കല്‍ പോലും അത് തോന്നിപ്പിച്ചിട്ടേയില്ല. സഞ്‌ജു എപ്പോഴും എല്ലാവരേയും ഒരുമിച്ച് നിര്‍ത്തും. കളിക്കളത്തില്‍ മാത്രമല്ല, പുറത്തുവച്ചും തന്‍റെ തന്ത്രങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കും. തന്‍റെ അനുഭവങ്ങളും അദ്ദേഹം പങ്കുവയ്‌ക്കും"- ജുറെല്‍ പറഞ്ഞു.