ന്യൂഡല്‍ഹി : ജൂലൈ 26-ന് ആരംഭിക്കുന്ന പാരിസ് ഒളിമ്പിക്‌സ് അത്ലറ്റിക്സ് ടീമിൽ 5 മലയാളികളും. മുഹമ്മദ് അജ്‌മൽ, അമോജ് ജേക്കബ്, മുഹമ്മദ് അനസ്, അബ്‌ദുല്ല അബൂബക്കർ, മിജോ ചാക്കോ കുര്യൻ എന്നിവരാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന മലയാളി താരങ്ങള്‍. നിലവിലെ ചാമ്പ്യൻ നീരജ് ചോപ്രയുടെ ക്യാപ്‌റ്റന്‍സിയിലാണ് 28 അംഗ ഇന്ത്യൻ അത്‌ലറ്റിക്‌സ് ടീം മാറ്റുരയ്ക്കുന്നത്.
ടോക്കിയോ ഗെയിംസ് സ്വർണ മെഡൽ ജേതാവും ജാവലിൻ ത്രോയിൽ നിലവിലെ ലോക ചാമ്പ്യനുമായ നീരജ് ചോപ്ര ഈ വാരാന്ത്യത്തിൽ പാരിസിൽ നടക്കുന്ന അവസാന ഡയമണ്ട് ലീഗ് ഒഴിവാക്കിയാണ് കായിക മാമാങ്കത്തിന് തയാറെടുക്കുന്നത്. 17 പുരുഷന്മാരും 11 വനിത അത്‌ലറ്റുകളുമാണ് ഇത്തവണ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്. ഏഷ്യൻ ഗെയിംസ് ചാമ്പ്യൻമാരായ അവിനാഷ് സാബ്ലെ, തേജീന്ദർപാൽ സിങ് ടൂർ, സ്പ്രിൻ്റ് ഹർഡലർ ജ്യോതി യർരാജി എന്നിവരും ടീമിലുണ്ട്.
കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പില്‍ യുഎസ്എ ടീമിനെ പിന്തള്ളി കോളിളക്കം സൃഷ്‌ടിച്ച മുഹമ്മദ് അനസ്, മുഹമ്മദ് അജ്‌മൽ, അമോജ് ജേക്കബ്, രാജേഷ് രമേഷ് എന്നിവരടങ്ങുന്ന 4x400 മീറ്റർ പുരുഷ റിലേ ടീമും പാരിസില്‍ പ്രകടനം കാഴ്‌ചവക്കും.
പുരുഷന്മാർ :അവിനാഷ് സാബ്ലെ (3,000 മീറ്റർ സ്റ്റീപ്പിൾ ചേസ്), നീരജ് ചോപ്ര, കിഷോർ കുമാർ ജെന (ജാവലിൻ ത്രോ), തജീന്ദർപാൽ സിങ് ടൂർ (ഷോട്ട്പുട്ട്), പ്രവീൺ ചിത്രവേൽ, അബുല്ല അബൂബക്കർ (ട്രിപ്പിൾ ജമ്പ്), അക്ഷ്‌ദീപ് സിങ്, വികാഷ് സിങ്, പരംജീത് സിങ് ബിഷ്‌ത് (20 കിലോമീറ്റർ റേസ് നടത്തം), മുഹമ്മദ് അനസ്, മുഹമ്മദ് അജ്‌മൽ, അമോജ് ജേക്കബ്, സന്തോഷ് തമിഴരശൻ, രാജേഷ് രമേഷ് (4x400 മീറ്റർ റിലേ), മിജോ ചാക്കോ കുര്യൻ (4x400 മീറ്റർ റിലേ), സൂരജ് പൻവാർ (റേസ് വാക്ക് മിക്‌സഡ് മാരത്തൺ), സർവേഷ് അനിൽ കുഷാരെ (ഹൈജമ്പ്).
വനിതകൾ : കിരൺ പഹൽ (400 മീറ്റർ), പരുൾ ചൗധരി (3,000 മീറ്റർ സ്റ്റീപ്പിൾ ചേസ്, 5,000 മീറ്റർ), ജ്യോതി യർരാജി (100 മീറ്റർ ഹർഡിൽസ്), അന്നു റാണി (ജാവലിൻ ത്രോ), അഭ ഖത്വ (ഷോട്ട്പുട്ട്), ജ്യോതിക ശ്രീ ദണ്ഡി, ശുഭ വെങ്കിടേശൻ, വിത്യ രാംരാജ്, പൂവമ്മ എംആർ (4x400 മീറ്റർ റിലേ), പ്രാചി (4x400 മീറ്റർ), പ്രിയങ്ക ഗോസ്വാമി (20 കിലോമീറ്റർ റേസ് നടത്തം/റേസ് നടത്തം മിക്‌സഡ് മാരത്തൺ).
ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 11 വരെ സ്റ്റേഡ് ഡി ഫ്രാൻസിലാണ് ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങള്‍ നടക്കുക. മാരത്തൺ റേസ് വാക്ക് മിക്‌സഡ്-റിലേ ഇവൻ്റ് ഒളിമ്പിക്‌സില്‍ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം പുരുഷന്മാരുടെ 50 കിലോമീറ്റർ റേസ് നടത്തം മത്സരത്തില്‍ നിന്ന് ഒഴിവാക്കി.
Also Read :പാരിസ് ഒളിമ്പിക്‌സിൽ മെഡൽ 'ചാടി'യെടുക്കാൻ കോഴിക്കോട്ടുകാരന്‍; യോഗ്യത ഉറപ്പിച്ച് അബ്ദുള്ള അബൂബക്കർ - Abdulla Aboobacker to Olympics