ബെംഗളൂരു : വനിത പ്രീമിയര്‍ ലീഗില്‍ (WPL 2024) കുതിപ്പ് തുടരാൻ ഡല്‍ഹി കാപിറ്റല്‍സ് (Delhi Capitals) ഇറങ്ങുന്നു. സീസണിലെ ആദ്യ ജയം തേടിയെത്തുന്ന ഗുജറാത്ത് ജയന്‍റ്‌സാണ് (Gujarat Giants) എതിരാളികള്‍. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്.
സീസണില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ജയിച്ച് തകര്‍പ്പൻ ഫോമിലാണ് ഡല്‍ഹി കാപിറ്റല്‍സ്. തുടര്‍ച്ചയായ മൂന്നാം ജയമാണ് അവരുടെ ലക്ഷ്യം. ആദ്യ മത്സരം മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടുകൊണ്ടാണ് ഡല്‍ഹി തുടങ്ങിയത്.
രണ്ടാം മത്സരത്തില്‍ യുപി വാരിയേഴ്‌സിനെതിരെ 9 വിക്കറ്റിന്‍റെ തകര്‍പ്പൻ ജയം നേടാൻ അവര്‍ക്കായി. കഴിഞ്ഞ കളിയില്‍ ആര്‍സിബിയെ 25 റണ്‍സിനാണ് അവര്‍ തകര്‍ത്തത്. മൂന്ന് മത്സരങ്ങളില്‍ നിന്നും നാല് പോയിന്‍റുള്ള ഡല്‍ഹി നിലവില്‍ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ്.
ഇന്ന് ഗുജറാത്തിനെ തോല്‍പ്പിക്കാനായാല്‍ ലീഗ് ടേബിളില്‍ ഡല്‍ഹിയ്‌ക്ക് ഒന്നാം സ്ഥാനത്തേക്ക് എത്താം. നിലവില്‍ മുംബൈ ഇന്ത്യൻസാണ് ആറ് പോയിന്‍റുമായി ഒന്നാമത്. ഷഫാലി വര്‍മ, അലീസ് കാപ്‌സി, ജെസ് ജൊനാസൻ എന്നിവരുടെ ബാറ്റിങ് ഫോം ഡല്‍ഹിയ്‌ക്ക് കരുത്താണ്. ക്യാപ്‌റ്റൻ മെഗ് ലാനിങ്, ജെമീമ റോഡ്രിഗസ് എന്നിവരും മികവിലേക്ക് ഉയരേണ്ടതുണ്ട്.