ആരാധകരെ ശാന്തരാകുവിന്‍.... കാല്‍പന്തുകളിയുടെ പറുദീസയില്‍ പന്തുതട്ടാന്‍ അര്‍ജന്‍റീന ഫുട്ബോള്‍ ടീം എത്തുന്നു. ലോകചാമ്പ്യന്മാര്‍ അടുത്ത വര്‍ഷം കേരളത്തിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കായിക മന്ത്രി വി അബ്‌ദുറഹിമാൻ നാളെ (നവംബര്‍ 19) നടത്താനിരിക്കുന്ന വാർത്ത സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
ലയണൽ മെസി കേരളത്തിലെത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതു സംബന്ധിച്ച് അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷനാവും അന്തിമ തീരുമാനം എടുക്കുക. കായിക മന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തില്‍ ലയണൽ മെസി കേരളത്തിലെത്തുമോ എന്ന കാര്യത്തിലും സ്ഥിരീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ട് മത്സരങ്ങള്‍ നടക്കുമെന്നാണ് സൂചന. എന്നാല്‍ ലോകചാമ്പ്യന്മാരായ അർജൻ്റീന ഫുട്ബോൾ ടീം ആരുമായാണ് മത്സരിക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഏഷ്യയിലെ ഏതെങ്കിലും പ്രമുഖ ടീം തന്നെ അര്‍ജന്‍റീനയെ നേരിടാന്‍ കളത്തിലിറങ്ങാനാണ് സാധ്യത. ഫിഫ റാങ്കിങ്ങില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന ജപ്പാനാണ് അര്‍ജന്‍റീനക്കെതിരെ കളത്തിലിറങ്ങാന്‍ കൂടുതല്‍ സാധ്യത. ഇറാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് റാങ്കിങ്ങില്‍ മുന്നിലുളള മറ്റ് ഏഷ്യയിലെ പ്രമുഖ ടീമുകള്‍.
അര്‍ജന്‍റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാന്‍ 100 കോടിയലധികം രൂപ ചെലവ് വരുമെന്നാണ് വിവരം. ഈ തുക സ്‌പോൺസര്‍ഷിപ്പ് വഴിയായിരിക്കും കണ്ടെത്തുക. സ്‌പോൺസര്‍മാരുടെ കാര്യത്തില്‍ തീരുമാനമായതായാണ് പുറത്തുവരുന്ന വിവരം.
സൗഹൃദ മത്സരം കളിക്കാന്‍ നേരത്തെ തന്നെ അര്‍ജന്‍റീന ഇന്ത്യയെ ക്ഷണിച്ചിരുന്നു. എന്നാല്‍ അര്‍ജന്‍റീന ഫുട്‌ബോള്‍ ടീമിനെ ഇന്ത്യയിലെത്തിക്കാനുളള ചെലവ് കണക്കിലെടുത്ത് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ക്ഷണം നിരസിക്കുകയായിരുന്നു. തുടര്‍ന്ന് ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുമെന്ന് കായിക മന്ത്രി വി അബ്‌ദുറഹിമാൻ പറഞ്ഞു. പിന്നീട് സ്‌പെയിനില്‍ വച്ച് മന്ത്രിയും സംഘവും അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളള ടീമുകളിലൊന്നാണ് അര്‍ജന്‍റീന. 2022ൽ ഫുട്ബോൾ ലോകകപ്പില്‍ കേരളത്തിലെ ആരാധകരുടെ ആവേശം ലോക ശ്രദ്ധ നേടിയിരുന്നു. ലോകകപ്പ് വിജയത്തിന് ശേഷം അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നന്ദി അറിയച്ചവരുടെ കൂട്ടത്തില്‍ കേരളവും ഉണ്ടായിരുന്നു.
Also Read: സന്തോഷ് ട്രോഫി: കേരളം നാളെ റെയില്‍വേസിനെ നേരിടും, മത്സരം കോഴിക്കോട്ട്