സെഞ്ചൂറിയൻ: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടി20യില്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും തകര്‍പ്പൻ പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാൻസൻ കാഴ്‌ചവച്ചത്. മത്സരത്തില്‍ പ്രോട്ടീസിന്‍റെ തോല്‍വി ഭാരം കുറച്ചത് യാൻസന്‍റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമായിരുന്നു. സെഞ്ചൂറിയനില്‍ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ യാൻസൻ 17 പന്തില്‍ 54 റണ്‍സടിച്ചാണ് മടങ്ങിയത്.
317.5 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ യാൻസൻ അഞ്ച് സിക്‌സും നാല് ഫോറും പായിച്ചിരുന്നു. നേരത്തെ, ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യൻ ബാറ്റര്‍മാര്‍ കത്തിക്കയറിയപ്പോഴും പന്തുകൊണ്ടും മികവ് പുലര്‍ത്താൻ യാൻസനായി. മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ യാൻസൻ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് നേടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഈ മത്സരത്തിലെ ഓള്‍റൗണ്ട് പ്രകടനത്തോടെ വരാനിരിക്കുന്ന ഐപിഎല്‍ താരലേലത്തിലും മാര്‍ക്കോ യാൻസൻ കോടികള്‍ ഉറപ്പിച്ചിട്ടുണ്ടെന്നാണ് ദക്ഷിണാഫ്രിക്കൻ പേസ് ഇതിഹാസം ഡെയ്‌ല്‍ സ്‌റ്റെയ്‌ൻ പറയുന്നത്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ താരമായിരുന്നു യാൻസൻ. ഇക്കുറി താരലേലത്തിന് മുന്നോടിയായി തന്നെ ഹൈദരാബാദ് താരത്തെ ഒഴിവാക്കുകയായിരുന്നു.
ഐപിഎല്‍ മെഗാതാരലേലത്തില്‍ മാര്‍ക്കോ യാൻസനായി ടീമുകള്‍ 10 കോടിയെങ്കിലും മുടക്കുമെന്നാണ് സ്‌റ്റെയ്‌ന്‍റെ പ്രവചനം. സെഞ്ചൂറിയനിലെ വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് സ്‌റ്റെയ്‌ൻ ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്.
അന്താരാഷ്‌ട്ര ടി20യില്‍ ഒരു ദക്ഷിണാഫ്രിക്കൻ താരത്തിന്‍റെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ച്വറിയാണ് യാൻസൻ നേടിയത്. 16 പന്തില്‍ ഇന്നലെ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ യാൻസന് 2023 ല്‍ 15 പന്തില്‍ ഫിഫ്റ്റിയടിച്ച് ക്വിന്‍റണ്‍ ഡി കോക്ക് സ്ഥാപിച്ച റെക്കോഡ് കയ്യെത്തും ദൂരത്ത് നിന്ന് നഷ്‌ടമായിരുന്നു. ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു താരം നേടുന്ന വേഗമേറിയ ഫിഫ്റ്റിയെന്ന നേട്ടവും സെഞ്ചൂറിയനിലെ ഇന്നിങ്‌സോടെ യാൻസൻ സ്വന്തമാക്കി.
അതേസമയം, സെഞ്ചൂറിയനില്‍ നടന്ന മൂന്നാം മത്സരത്തില്‍ 11 റണ്‍സിന്‍റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ തിലക് വര്‍മ്മയുടെ സെഞ്ച്വറിയുടെയും (107*) അഭിഷേക് ശര്‍മയുടെ അര്‍ധസെഞ്ച്വറിയുടെയും (50) കരുത്തില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 219 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 208 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
Also Read :ക്ലാസെൻ-യാൻസൻ വെടിക്കെട്ട് പാഴായി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ, സഞ്ജുവിന് നാണക്കേട്!