ചെന്നൈ:ഐപിഎല്‍ പതിനേഴാം പതിപ്പില്‍ പ്ലേ ഓഫില്‍ കടക്കുന്ന രണ്ടാമത്തെ ടീമായി മാറാൻ രാജസ്ഥാൻ റോയല്‍സ് ഇന്ന് ഇറങ്ങും. പ്ലേ ഓഫ് ബെര്‍ത്തിനായി പോരടിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സാണ് സഞ്ജുവിന്‍റെയും കൂട്ടരുടെയും എതിരാളി. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കില്‍ വൈകുന്നേരം മൂന്നരയ്‌ക്കാണ് മത്സരം.
നിലവില്‍ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ് രാജസ്ഥാൻ റോയല്‍സ്. തുടര്‍ച്ചയായ മൂന്നാം തോല്‍വി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജസ്ഥാൻ റോയല്‍സ് ഇന്ന് ചെന്നൈയെ നേരിടാനിറങ്ങുന്നത്. ഇന്ന് സൂപ്പര്‍ കിങ്‌സിനോടും തോറ്റാല്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ടിനുള്ളില്‍ ഫിനിഷ് ചെയ്യുക എന്ന റോയല്‍സിന്‍റെ മോഹങ്ങള്‍ക്ക് തിരിച്ചടിയേല്‍ക്കേണ്ടിവരും.
മറുവശത്ത് അവസാന മത്സരത്തില്‍ ഗുജറാത്തിനോടേറ്റ തോല്‍വിയില്‍ നിന്നും കരകയറാനാണ് ചെന്നൈ ഇറങ്ങുന്നത്. പോയിന്‍റ് പട്ടികയില്‍ നിലവിലെ നാലാം സ്ഥാനക്കാരായ അവര്‍ക്ക് പ്ലേ ഓഫില്‍ ഇടം കണ്ടെത്തണമെങ്കില്‍ ഇന്നത്തേത് ഉള്‍പ്പടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയം അനിവാര്യമാണ്. സീസണില്‍ ചെന്നൈയുടെ അവസാന ഹോം മത്സരം കൂടിയാണ് ഇന്നത്തേത്.
ക്യാപ്‌റ്റൻമാരായ സഞ്ജു സാംസണിന്‍റെയും റിതുരാജ് ഗെയ്‌ക്‌വാദിന്‍റെയും ഫോമിലാണ് ഇരു ടീമിന്‍റെയും റണ്‍സ് പ്രതീക്ഷ. ചെന്നൈ നിരയില്‍ ഡാരില്‍ മിച്ചലും മൊയീൻ അലിയും റണ്‍സ് കണ്ടെത്തുന്നതും സിഎസ്‌കെയ്‌ക്ക് ആശ്വാസം. ശിവം ദുബെ നിറം മങ്ങിയത് നിലവില്‍ ചെന്നൈയ്‌ക്ക് തലവേദനയാണ്.