കേരളം

kerala

ETV Bharat / sports

ഹാപ്പി ബർത്ത് ഡേ ഡിയർ സിആർ 7... സർ അലക്‌സ് ഫെർഗൂസനെ ഞെട്ടിച്ച യുവതാരത്തില്‍ നിന്ന് ഇതിഹാസത്തിലേക്ക്... - Cristiano Ronaldo Age

ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് ഇന്ന് 39-ാം ജന്മദിനം.

Cristiano ronaldo  Cristiano Ronaldo Birthday  Cristiano Ronaldo Age  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജന്മദിനം
Cristiano Ronaldo

By ETV Bharat Kerala Team

Published : Feb 5, 2024, 12:25 PM IST

പോര്‍ച്ചുഗല്‍ ക്ലബായ സ്‌പോര്‍ട്ടിങ് ലിസ്‌ബണിന്‍റെ ക്ഷണം സ്വീകരിച്ചായിരുന്നു 2003ല്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലിസ്‌ബണിലേക്ക് എത്തിയത്. മൂന്ന് ആഴ്ച നീണ്ടുനിന്ന അമേരിക്കന്‍ ടൂര്‍ കഴിഞ്ഞുള്ള മടക്കയാത്രയിലായിരുന്നു അന്ന് അലക്‌സ് ഫെര്‍ഗൂസണും സംഘവും. പോര്‍ച്ചുഗലിനെതിരെ ഒരു സൗഹൃദ മത്സരം, അതില്‍ ജയിക്കുക, തിരികെ പോകുക അത് മാത്രമായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിന്‍റെ ചിന്ത.

ലിസ്‌ബണിലെ എസ്‌താദിയോ യോസെ അല്‍വലാദെ സ്റ്റേഡിയത്തിലായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളുടെ പരിശീലനം. അവിടെ അവസാനഘട്ട പരിശീലനങ്ങള്‍ക്കിടെ യുണൈറ്റഡ് പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണ്‍ ലിസ്‌ബണ്‍ വിങ്ങറായ ഒരു പയ്യനെ കുറിച്ച് തന്‍റെ താരങ്ങളോട് പറഞ്ഞു. പേര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വയസ് ഒരു 18 തോന്നിക്കും, അവനെ കുറിച്ച് കേള്‍ക്കുന്ന കാര്യങ്ങളെല്ലാം അത്ഭുതപ്പെടുത്തുന്നതാണ് എന്നായിരുന്നു യുണൈറ്റഡ് ഇതിഹാസ പരിശീലകന്‍ അന്ന് തന്‍റെ താരങ്ങളോട് പറഞ്ഞത്.

കോച്ച് പറഞ്ഞത് അത്ര കാര്യമായെടുക്കാന്‍ യുണൈറ്റഡ് താരങ്ങള്‍ തയ്യാറായിരുന്നില്ല. അങ്ങനെ, നിറഞ്ഞുകവിഞ്ഞ എസ്‌താദിയോ യോസെ അല്‍വലാദെ സ്റ്റേഡിയത്തില്‍ ആതിഥേയരെ നേരിടാന്‍ യുണൈറ്റഡ് കളത്തിലിറങ്ങി. കളി തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ യുണൈറ്റഡിന്‍റെ വമ്പന്‍ താരങ്ങളെ മറികടന്ന് സ്പോര്‍ട്ടിങ്ങിന്‍റെ 28-ാം നമ്പര്‍ ജഴ്‌സി ധരിച്ച പയ്യന്‍ പന്തുമായി മുന്നേറാന്‍ തുടങ്ങി.

തന്‍റെ കാലുകളിലേക്ക് പന്ത് എത്തുന്ന സമയങ്ങളിലെല്ലാം അവന്‍ പുതിയ തന്ത്രങ്ങള്‍ പയറ്റി കളികണ്ടിരുന്നവരെയെല്ലാം അത്ഭുതപ്പെടുത്തി. സൗഹൃദ മത്സരത്തിനായെത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സംഘത്തിന്‍റെ ശ്രദ്ധയും അവനിലേക്കായി. തന്‍റെ ഡ്രിബിളിങ് മികവും വേഗതയും കൊണ്ട് ആ പയ്യന്‍ കളം നിറഞ്ഞു.

ഒടുവില്‍ കളി കഴിഞ്ഞു, അനായാസ ജയം ലക്ഷ്യമിട്ട് പന്ത് തട്ടാനിറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 3-1 എന്ന സ്കോറിന്‍റെ തോല്‍വി. തങ്ങളെ ഞെട്ടിച്ച ആ പയ്യന് വേണ്ടി യുണൈറ്റഡ് താരങ്ങള്‍ ഒന്നടങ്കം പരിശീലകനരികിലേക്ക്. അവനൊപ്പമില്ലാതെ തങ്ങള്‍ ലിസ്‌ബണില്‍ നിന്നും തിരികെ വിമാനം കയറില്ലെന്ന് അലക്‌സ് ഫെര്‍ഗൂസണും തറപ്പിച്ച് പറഞ്ഞു.

അങ്ങനെ, തൊട്ടടുത്ത സീസണ്‍ മുതല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഏഴാം നമ്പര്‍ ജഴ്‌സിയില്‍ പന്ത് തട്ടാന്‍ 18കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കളിമൈതാനത്തിറങ്ങി. പിന്നീട് നടന്നതെല്ലാം ചരിത്രമായിരുന്നു. യുണൈറ്റഡിനൊപ്പം പ്രീമിയര്‍ ലീഗ് ടൈറ്റില്‍, ഫുട്‌ബോള്‍ ലീഗ് കപ്പ്, ഗോള്‍ഡന്‍ ബൂട്ട്, ഫിഫ വേള്‍ഡ് പ്ലെയര്‍, ബാലണ്‍ ദ്യോര്‍ ഉള്‍പ്പടെ നിരവധി നേട്ടങ്ങള്‍. 2009ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് വിടുമ്പോള്‍ തന്നെ ഏറെ താരമൂല്യമുള്ള, ആരാധക പിന്തുണയില്‍ മുന്നില്‍ നില്‍ക്കുന്ന താരമായി വളരാന്‍ റൊണാള്‍ഡോയ്‌ക്ക് സാധിച്ചു.

പിന്നീട് സ്‌പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനൊപ്പവും അയാള്‍ ഇതിഹാസങ്ങള്‍ രചിച്ചു, നേട്ടങ്ങള്‍ കൊയ്‌തു, ആരാധകര്‍ക്ക് എന്നും ഓര്‍ത്തുവയ്‌ക്കാന്‍ സാധിക്കുന്ന നിമിഷങ്ങള്‍ സമ്മാനിച്ചു. റയലുമായുള്ള 9 വര്‍ഷത്തെ കരിയറില്‍ നാല് ചാമ്പ്യന്‍സ് ലീഗ്, 3 ക്ലബ് വേള്‍ഡ് കപ്പ്, 3 യുവേഫ സൂപ്പര്‍ കപ്പ്, 2 വീതം ലാ ലിഗ, കോപ ഡെല്‍ റേ, സ്‌പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ എന്നിവയാണ് സിആര്‍7 നേടിയത്.

മികച്ച ഒരു താരമെന്ന നിലയില്‍ നിന്നും എക്കാലത്തേയും മികച്ചവന്‍ എന്ന ഖ്യാതിയിലേക്ക് റൊണാള്‍ഡോ വളര്‍ന്ന കാലഘട്ടം കൂടിയായിരുന്നു ഇത്. 2018ല്‍ റയല്‍ മാഡ്രില്‍ നിന്നും ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിലേക്ക്. അവിടെ മൂന്ന് സീസണുകള്‍ക്ക് ശേഷം 2021ല്‍ വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍. ഒരു ദശാബ്‌ദക്കാലത്തിന് ശേഷമുള്ള ആ മടങ്ങിവരവ് അത്ര ഗംഭീരമാക്കാന്‍ സാധിക്കാതെ വന്നതോടെ 2022 ഡിസംബറില്‍ റൊണാള്‍ഡോ ക്ലബ് വിട്ടു.

യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളില്‍ നിന്നും പുതിയ വെല്ലുവിളികള്‍ തേടി റൊണാള്‍ഡോ ഇറങ്ങിതിരിച്ചത് സൗദി ലീഗിലേക്കായിരുന്നു. അവിടെ, അല്‍ നസ്‌റുമായി പുതിയ കരാര്‍. സൗദി അറേബ്യയിലും ഇന്ന് ആ 39കാരന്‍ വിസ്‌മയം തീര്‍ത്തുകൊണ്ടിരിക്കുകയാണ്.

ABOUT THE AUTHOR

...view details