പ്രീമിയർ ലീഗ് റഫറി ഡേവിഡ് കൂട്ട് വീണ്ടും പുതിയ വിവാദത്തിൽ കുടുങ്ങി. ഇത്തവണ യൂറോ കപ്പിനിടെ കൊക്കെയ്ൻ ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടർന്ന് യുവേഫ തന്നെ അന്വേഷണം പ്രഖ്യാപിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് ലിവർപൂളിനെയും ടീമിന്‍റെ മുൻ മാനേജർ ജർഗൻ ക്ലോപ്പിനെയും കുറിച്ച് കൂട്ട് അസഭ്യം പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു.
ഇതിനെത്തുടർന്ന് ഇദ്ദേഹത്തെ പ്രീമിയർ ലീഗ് റഫറിയാകുന്നതിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. കൂടാതെ പിജിഎംഒഎല്ലും എഫ്എയും വിഷയത്തില്‍ അന്വേഷണം തേടിയിരുന്നു. വീഡിയോ എങ്ങനെയാണ് പുറത്തുവന്നത് എന്നതിന്‍റെ സാഹചര്യം വ്യക്തമല്ല. അന്വേഷണം പൂർത്തിയാകുന്നതുവരെ കേസിൽ കൂടുതൽ അഭിപ്രായം പറയില്ലെന്ന് പിജിഎംഒഎൽ അറിയിച്ചു.
ഇപ്പോള്‍ പുറത്തുവന്ന വീഡിയോയില്‍ കൊക്കെയ്ൻ ആണെന്ന് ആരോപിക്കപ്പെടുന്ന വെള്ളപ്പൊടി ചീറ്റുന്ന ദൃശ്യങ്ങൾ ദി സൺ ആണ് പങ്കുവെച്ചത്. യുഎസ് ഡോളർ ബാങ്ക് നോട്ട് ഉപയോഗിച്ച് വെളുത്ത പൊടിയുടെ ഒരു വരി ചീറ്റുന്നത് കാണാം. ഡ്യൂട്ടിയിലായിരുന്ന യൂറോ 2024 ന്‍റെ സമയത്താണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നു.