യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയവുമായി ബാഴ്‌സലോണ. ഒന്‍പത് ഗോളുകള്‍ പിറന്ന മത്സരത്തില്‍ ബെൻഫിക്കയുടെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ ജയം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബാഴ്‌സയ്ക്ക് വേണ്ടി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും റാഫീഞ്ഞയും ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ ബെന്‍ഫിക്കയ്ക്ക് വേണ്ടി വാന്‍ഗലിസ് പാവ്‌ലിഡിസ് ഹാട്രിക് നേടി തിളങ്ങി. ഏഴു കളികളിൽനിന്ന് ആറ് ജയം നേടിയ ബാഴ്‌സ 18 പോയിന്‍റുമായി ചാമ്പ്യന്‍സ് ലീഗ് പ്രീക്വാർട്ടറിലെത്തി.
മത്സരത്തിന്‍റെ ആദ്യ പകുതിയിൽ കാറ്റാലന്‍മാര്‍ 3–1ന് പിന്നിലായിരുന്നു. രണ്ടാം മിനിറ്റില്‍ വാന്‍ഗലിസ് പാവ്‌ലിഡിസ് ബെന്‍ഫിക്കയെ മുന്നിലെത്തിക്കുകയായിരുന്നു. ബാഴ്‌സ ഗോൾകീപ്പർ വോയ്നിച് സെസെനിയുടെ പിഴവാണ് തുടക്കത്തില്‍ ഗോളിന് വഴിയൊരുക്കിയത്. പിന്നാലെ 13-ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സയെ സമനിലയിലെത്തിച്ചു. 22, 30 മിനിറ്റുകളിലായി പാവ്‌ലിഡിസിലൂടെയും വീണ്ടും ബെന്‍ഫിക്ക ഗോള്‍ കണ്ടത്തിയതോടെ ആദ്യ പകുതി അവര്‍ക്കനുകൂലമായി അവസാനിച്ചു.
എന്നാല്‍ തോല്‍വി മണത്തറിഞ്ഞ ബാഴ്‌സ രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ തുടങ്ങി. 64-ാം മിനിറ്റില്‍ റാഫീഞ്ഞയാണ് രണ്ടാം ഗോള്‍ നേടിയത്. എന്നാല്‍ നാല് മിനിറ്റിനുള്ളില്‍ റൊണാൾഡ് അരൗജോ 68–ാം മിനിറ്റിൽ വഴങ്ങിയ സെൽഫ് ഗോളും ബെൻഫിക്കയുടെ അക്കൗണ്ടിലെത്തി.
ഇതോടെ 4-2ന് പിന്നിലായി ബാഴ്‌സ.78-ാം മിനിറ്റില്‍ പെനാല്‍റ്റി ലെവന്‍ഡോവ്‌സ്‌കി ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ബാഴ്‌സയുടെ മൂന്നാം ഗോളും പിറന്നു. 86-ാം മിനിറ്റില്‍ എറിക് ഗാര്‍സിയയിലൂടെ ബാഴ്‌സ സമനില ഗോളും 96-ാം മിനിറ്റില്‍ റാഫീഞ്ഞയില്‍ നിന്നും വിജയഗോളും കണ്ടെത്തിയതോടെ ബാഴ്‌സ ജയം ഉറപ്പിച്ചു.
മറ്റു മത്സരങ്ങളില്‍ ബയേർ ലെവർക്യൂസനെ തകർത്ത് അത്‍ലറ്റിക്കോ മഡ്രിഡും കരുത്തുകാട്ടി. 2–1നാണ് അത്‍ലറ്റിക്കോയുടെ ജയം. ഇതോടെ അത്‍ലറ്റിക്കോ മഡ്രിഡ് ഏഴു കളികളിൽനിന്ന് അഞ്ച് ജയത്തോടെ 15 പോയിന്‍റുമായി മൂന്നാം സ്ഥാനത്തെത്തി. ആദ്യ എട്ടിലെത്തുന്ന ടീമുകൾക്ക് നേരിട്ട് പ്രീക്വാർട്ടറിൽ കടക്കാം. ശേഷിക്കുന്നവർ പ്ലേ ഓഫ് കളിക്കണം.