ന്യൂഡല്‍ഹി:ദുലീപ് ട്രോഫി രണ്ടാം പാദ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമുകളെ പൊളിച്ചടുക്കി ബിസിസിഐ. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലുള്‍പ്പെട്ട താരങ്ങളെ ഒഴിവാക്കിയാണ് പുതിയ ടീമുകള്‍ പ്രഖ്യാപിച്ചത്. ടീം എയിലും ബിയിലുമാണ് വലിയ രീതിയിലുളള മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നത്.
ശുഭ്‌മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, യശസ്വി ജയ്സ്വാള്‍, അക്‌സര്‍ പട്ടേല്‍ എന്നിവരെയാണ് ദുലീപ് ട്രോഫിക്കുള്ള എ ടീമില്‍ നിന്ന് ഒഴിവാക്കിയത്. റെയില്‍വേസില്‍ നിന്നുള്ള പ്രഥം സിങ് ഗില്ലിന് പകരക്കാരനായി ഇന്ത്യ എ ടീമിലെത്തും. കെഎല്‍ രാഹുലിന് പകരക്കാരനായാണ് വിദര്‍ഭയുടെ താരം അക്ഷയ് വാദ്‌കര്‍ എ ടീമിലെത്തിയത്.
വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറൈലിന് പകരം ആന്ധ്രയുടെ ബാറ്റര്‍ എസ് കെ റഷീദ് എ ടീമിലെത്തി. കുല്‍ദീപ് യാദവിന് പകരം ഇടങ്കൈയന്‍ സ്‌പിന്നര്‍ ഷംസ് മുലാനിയേയും അക്ഷദീപ് സിങ്ങിനു പകരം യുപി താരം ആക്വിബ് ഖാനേയും ടീമില്‍ ഉല്‍പ്പെടുത്തി. മയാങ്ക് അഗര്‍വാളാണ് എ ടീമിന്‍റെ നായകന്‍.
ഇന്ത്യന്‍ ബി ടീമില്‍ യശസ്വി ജയ്സ്വാളിന് പകരം സുയാഷ് പ്രഭുദേശായിയും റിഷഭ് പന്തിന് പകരം റിങ്കുസിങ്ങും എത്തി. യഷ് ദയാലിനെ ബി ടീമില്‍ നിന്ന് മാറ്റി. എന്നാല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ഇടം ലഭിച്ച സര്‍ഫറാസ് ഖാന്‍ ദുലീപ് ട്രോഫിയ്ക്കായുളള ബി ടീമിലും തുടരുന്നു.
ഇന്ത്യന്‍ സി ടീമില്‍ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ടീം ഡിയുടെ ഭാഗമായിരുന്ന അക്‌സർ പട്ടേലിനും തുഷാർ ദേശ്‌പാണ്ഡെയ്‌ക്കും പരിക്കേറ്റതിനെ തുടര്‍ന്ന് പകരം കവേരപ്പയെയും നിശാന്ത് സിന്ധുവിനെയും ടീമിലേക്കെടുത്തു.