ബാഴ്‌സലോണ:ചാമ്പ്യൻസ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെതിരായ തുടര്‍തോല്‍വിക്കഥ അവസാനിപ്പിച്ച് ബാഴ്‌സലോണ. ലീഗ് ഫേസിലെ മൂന്നാം മത്സരത്തില്‍ ജര്‍മ്മൻ ക്ലബിനെ നേരിട്ട കറ്റാലൻ ക്ലബ് ഒന്നിനെതിരെ നാല് ഗോളിന്‍റെ തകര്‍പ്പൻ ജയമാണ് സ്വന്തമാക്കിയത്. റാഫീഞ്ഞയുടെ ഹാട്രിക്കും റോബര്‍ട്ട് ലെവൻഡോസ്‌കിയുടെ ഗോളുമായിരുന്നു മത്സരത്തിലൂടെ ബാഴ്‌സയുടെ ചരിത്രം തിരുത്തിയത്.
ബയേണ്‍ മ്യൂണിക്കിനെതിരെ 9 വര്‍ഷത്തിന് ശേഷമുള്ള ബാഴ്‌സലോണയുടെ ആദ്യ ജയം കൂടിയാണ് ഇത്. ഒഴിവാക്കിയത് തുടര്‍ച്ചയായ ഏഴാം തോല്‍വിയും. ജര്‍മ്മൻ കരുത്തരായ ബയേണിനെതിരെയുള്ള ഈ വിജയം വരാനിരിക്കുന്ന എല്‍ ക്ലാസിക്കോ പോരിന് മുന്‍പ് ഹാൻസി ഫ്ലിക്കിനും സംഘത്തിനും ആത്മവിശ്വാസം പകരുമെന്ന് ഉറപ്പ്.
ഇരു ടീമും അവസാനം ഏറ്റുമുട്ടിയ നാല് മത്സരങ്ങളില്‍ ബാഴ്‌സയ്‌ക്കെതിരെ 22 ഗോളുകള്‍ അടിച്ചുകൂട്ടിയ ടീമാണ് ബയേണ്‍ മ്യൂണിക്ക്. മറുവശത്ത്, ഈ മത്സരങ്ങളില്‍ ഒന്നില്‍ പോലും ബയേണിന്‍റെ വല കുലുക്കാൻ ബാഴ്‌സലോണയ്‌ക്കായിരുന്നില്ല. എന്നാല്‍, സീസണില്‍ തകര്‍പ്പൻ ഫോമിലുള്ള ബാഴ്‌സലോണ ഇക്കുറി ബയേണിനെ സ്വന്തം തട്ടകത്തില്‍ കിട്ടിയ മത്സരത്തിന്‍റെ ആദ്യ മിനിറ്റില്‍ തന്നെ ലീഡ് പിടിച്ചു.
മത്സരത്തില്‍ ഹാട്രിക്ക് നേടിയ റാഫീഞ്ഞ ഗോള്‍ വേട്ട തുടങ്ങിയത് ഈ ഗോളിലൂടെയായിരുന്നു. ഫെര്‍മിൻ ലോപസിന്‍റെ പാസ് സ്വീകരിച്ചായിരുന്നു ബ്രസീലിയൻ താരം 59-ാം സെക്കൻഡില്‍ ബയേണിന്‍റെ വല കുലുക്കിയത്. തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങേണ്ടി വന്നതോടെ ആക്രമിച്ച് കളിക്കാൻ ബയേണും നിര്‍ബന്ധിതരായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
9-ാം മിനിറ്റ് ഹാരി കെയ്‌ന്‍റെ ഹെഡറിലൂടെ ബയേണ്‍ തിരിച്ചടിച്ചു. എന്നാല്‍, ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു ബയേണിന്‍റെ സൂപ്പര്‍ സ്ട്രൈക്കര്‍. വീണ്ടും ആക്രമണം തുടര്‍ന്ന ബയേണ്‍ മത്സരം 20 മിനിറ്റ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ സമനില ഗോള്‍ കണ്ടെത്തി.