വാഷിങ്‌ടൺ: ഇന്ത്യന്‍ വംശജന്‍ കാഷ് പട്ടേലിനെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെ അടുത്ത ഡയറക്‌ടറാക്കാന്‍ നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. കാഷ് ഒരു മികച്ച അഭിഭാഷകനും അന്വേഷകനും 'അമേരിക്ക ഫസ്റ്റ്' പോരാളിയുമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. അഴിമതി തുറന്നുകാട്ടാനും നീതി സംരക്ഷിക്കാനും അമേരിക്കൻ ജനതയെ സംരക്ഷിക്കാനും കാഷ് പ്രവര്‍ത്തിക്കുമെന്നും ട്രംപ് എക്‌സില്‍ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അമേരിക്കയിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാനും കുടിയേറ്റ ക്രിമിനൽ സംഘങ്ങളെ തകർക്കാനും അതിർത്തിയിലുടനീളമുള്ള മനുഷ്യ - മയക്കുമരുന്ന് കടത്ത് തടയാനും കാഷ് പ്രവർത്തിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രംപിന്‍റെ ആദ്യ ടേമിൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവായും ആക്‌ടിങ് ഡിഫൻസ് സെക്രട്ടറിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയും മറ്റ് നിരവധി ഉയർന്ന തലങ്ങളിലും കാഷ് പട്ടേല്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
1980 ഫെബ്രുവരി 25ന് ന്യൂയോർക്കിലാണ് കാഷ് പട്ടേലിന്‍റെ ജനനം. പട്ടേലിന്‍റെ മാതാപിതാക്കള്‍ ഗുജറാത്തിലെ വഡോദരയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ്. റിച്ച്മണ്ട് സർവകലാശാലയിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ കാഷ് പട്ടേല്‍ ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് രാജ്യാന്തര നിമയത്തിൽ ബിരുദം നേടി. ഫ്‌ളോറിഡയിലെ സ്റ്റേറ്റ്, ഫെഡറൽ കോടതികളില്‍ പബ്ലിക് ഡിഫന്‍ഡറായാണ് കാഷ് കരിയര്‍ ആരംഭിച്ചത്. പിന്നീട് നീതിന്യായ വകുപ്പില്‍ പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചു. കിഴക്കൻ ആഫ്രിക്കയിലും അമേരിക്കയിലുമുള്ള അന്താരാഷ്‌ട്ര ഭീകരവാദ കേസുകൾ കാഷ് പട്ടേല്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്.
എഫ്ബിഐയുടെ നിലവിലെ ഡയറക്‌ടർ ക്രിസ്റ്റഫർ റേയെ 2017-ൽ ആണ് 10 വർഷത്തേക്ക് നിയമിച്ചത്. കാഷ് പട്ടേലിനെ നിയമിക്കാന്‍ ഒന്നുകിൽ റേ സ്ഥാനമൊഴിയുകയോ അല്ലെങ്കില്‍ പുറത്താക്കുകയോ ചെയ്യണം. ട്രംപ് നിയമിച്ച റേയുടെ കീഴിലുള്ള എഫ്ബിഐയാണ് ട്രംപിനെതിരെയുള്ള അന്വേഷണങ്ങള്‍ നടത്തിയത്.
അതേസമയം, ഫ്‌ളോറിഡയിലെ നിയമ നിർവ്വഹണ ഉദ്യോഗസ്ഥനായ ചാഡ് ക്രോണിസ്റ്ററിനെ ഡ്രഗ് എൻഫോഴ്‌സ്‌മെന്‍റ് ഏജൻസിയുടെ (ഡിഇഎ) അഡ്‌മിനിസ്ട്രേറ്ററായി ട്രംപ് നോമിനേറ്റ് ചെയ്‌തു. ഫ്‌ളോറിഡ മുൻ അറ്റോർണി ജനറലും ട്രംപിന്‍റെ അടുത്ത സുഹൃത്തുമായ ബോണ്ടിയെ നീതിന്യായ വകുപ്പിനെ പ്രസിഡന്‍റായും ട്രംപ് നോമിനേറ്റ് ചെയ്‌തു.