ലാലിഗയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ബാഴ്‌സലോണക്ക് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിന് ലെഗാനസായിരുന്നു ബാഴ്‌സയെ തകര്‍ത്തത്. പോയിന്‍റ് ടേബിളിൽ 15-ാം സ്ഥാനത്തുള്ള ലഗാനസിനാട് കളിയുടെ അവസാനം നിമിഷം വരെ പൊരുതിയെങ്കിലും കാറ്റാലന്‍മാര്‍ക്ക് ഒരു ഗോള്‍ പോലും തിരിച്ചടിക്കാനായില്ല. പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബാഴ്‌സക്ക് കനത്ത തിരിച്ചടിയായി ലഗാനസിനെതിരായ തോൽവി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മത്സരത്തിന്‍റെ നാലാം മിനുട്ടില്‍ തന്നെ ഗോളടിച്ച് ലെഗാനസ് മുന്നിട്ടുനിന്നിരുന്നു. സെർജിയോ ഗോൺസാലസായിരുന്നു ഗോള്‍ നേടിയത്. 81 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ചത് ബാഴ്‌സ ആയിരുന്നു. 20 ഷോട്ടുകളായിരുന്നു ബാഴ്‌സ എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. ലഗാനസാകട്ടെ ആറു ഷോട്ടുകൾ മാത്രമാണ് ഗോൾമുഖം ലക്ഷ്യമാക്കി തൊടുത്തത്. അതിൽ നാലെണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു.
അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ബാഴ്‌സക്ക് ജയിക്കാനായത്. ഇതുവരേ കളിച്ച 18 മത്സരങ്ങളില്‍ 12 ജയവും നാല് തോല്‍വിയും രണ്ട് സമനിലയടക്കം 38 പോയിന്‍റാണ് ബാഴ്‌സലോണക്കുള്ളത്.